
തെലുങ്ക് നടൻ രവി തേജയുടെ പിതാവ് ഭൂപതിരാജു രാജഗോപാൽ രാജു (90) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. രവി തേജയുടെ ആരാധകരും അനുയായികളും അഭ്യുദയകാംക്ഷികളും സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കുറച്ച് വാക്കുകളും നിരവധി മൂല്യങ്ങളുമുള്ള മനുഷ്യനാണ് ഭൂപതിരാജു എന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. മകന്റെ താരപദവി ഉണ്ടായിരുന്നിട്ടും രാജഗോപാൽ രാജു നിശബ്ദനായിരുന്നു. അദ്ദേഹം വിരമിച്ച സർക്കാർ ഫാർമസിസ്റ്റായിരുന്നു. ഭാര്യ രാജ്യ ലക്ഷ്മിയോടൊപ്പം ഹൈദരാബാദിൽ വളരെ ലളിതവും സമാധാനപരവുമായ ജീവിതം നയിച്ചു.
രവി തേജയുടെ ഇളയ സഹോദരൻ ഭരത് രാജു ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. പിതാവിന്റെ മരണത്തോടെ കുടുംബം വീണ്ടും ദുഃഖത്തിലായിരിക്കുകയാണ്. തന്റെ വരാനിരിക്കുന്ന ചിത്രമായ 'മാസ് ജതാര'യുടെ പണിപ്പുരയിലായിരുന്ന രവി തേജ, എല്ലാ പ്രൊഫഷണൽ ജോലികളും നിർത്തിവെച്ചതായാണ് റിപ്പോർട്ടുകൾ.