ചെന്നൈ: പ്രശസ്ത തമിഴ് സംഗീതസംവിധായകനും ഗായകനുമായ ഡി. ഇമ്മാൻ തന്റെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വെളിപ്പെടുത്തി. ഇമ്മാൻ ഇൻസ്റ്റാഗ്രാമിലൂടെയാണ് തന്റെ ആരാധകരെ വിവരം അറിയിച്ചത്. അക്കൗണ്ടിൽ നിന്നുള്ള ഏതെങ്കിലും "വഞ്ചനാപരമായ സന്ദേശങ്ങളും പോസ്റ്റുകളും" സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ഇമ്മാനുവൽ വസന്ത് ദിനകരൻ എന്നാണ് മുഴുവൻ പേര്. അതിനെ ചുരുക്കപ്പേരാണ് ഇമ്മാൻ. വിഷയം വിശദീകരിച്ച് ഒരു സന്ദേശം ആരാധകരുമായി ഇമ്മാൻ പങ്കുവെക്കുകയും ചെയ്തു.
"എല്ലാവർക്കും ഹലോ, എന്റെ ഔദ്യോഗിക X അക്കൗണ്ട് (@immancomposer) ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഞാൻ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഹാക്കർ എന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിലും പാസ്‌വേഡും മാറ്റി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉള്ളടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്,"- ഇമ്മാൻ എഴുതി.
ഇമ്മാൻ എക്‌സിന്റെ പിന്തുണ തേടിയതായും അക്കൗണ്ട് വീണ്ടെടുക്കുന്നതിനായി ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു. "എക്‌സുമായി ഞാൻ ഇപ്പോൾ ബന്ധപ്പെട്ടിട്ടുണ്ട്, എന്റെ അക്കൗണ്ട് എത്രയും വേഗം വീണ്ടെടുക്കുന്നതിനായി ഞാൻ ശ്രമിക്കുന്നുണ്ട്. 20 വർഷത്തിലേറെയായി ഞാൻ സംഗീത വ്യവസായത്തിലായതിനാൽ, എന്റെ വിശ്വാസ്യതയും എന്റെ അനുയായികളുമായുള്ള ബന്ധവും എനിക്ക് വളരെ പ്രധാനമാണ്," - അദ്ദേഹം അറിയിച്ചു.
"ഹാക്കർ പോസ്റ്റ് ചെയ്ത ഏതെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതോ അനധികൃതമോ ആയ ഉള്ളടക്കം എന്നെ പ്രതിനിധീകരിക്കുന്നില്ല, എന്റെ അക്കൗണ്ടിൽ നിന്നുള്ള സംശയാസ്പദമായ പോസ്റ്റുകളോ സന്ദേശങ്ങളോ ഇപ്പോൾ അവഗണിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു." - അദ്ദേഹം കുറിച്ചു.