
ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മിറാഷിന്‍റെ പ്രമോഷൻ തിരക്കിലാണ് സംവിധായകന്‍ ജീത്തു ജോസഫ്. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും. ഏറെ ചര്‍ച്ചയായി മാറിയിരുന്ന 'കൂമന്‍' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. അടുത്തിടെ ഒരഭിമുഖത്തിൽ ബ്ലോക്ക്ബസ്റ്റർ സൂപ്പർഹീറോ ചിത്രം 'ലോക ചാപ്റ്റർ 1 ചന്ദ്ര'യുടെ വിജയത്തെക്കുറിച്ച് സംവിധായകൻ ജിത്തു ജോസഫ് സംസാരിച്ചു. സിനിമയിലെ ക്ഷണികമായ പ്രവണതകൾ പിന്തുടരുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
"മലയാള സിനിമക്ക് ലോകയുടെ വിജയം ഒരു സുപ്രധാന നിമിഷമാണ്. ലോക ഇപ്പോൾ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. എനിക്ക് ഒന്നേ പറയാനുള്ളൂ. ആ സിനിമയുടെ വിജയത്തിൽ നിന്ന് ആളുകൾ തെറ്റായ പാഠങ്ങൾ ഉൾക്കൊള്ളരുത്. അന്ധമായി സൂപ്പർഹീറോ സിനിമകൾ മാത്രം ചെയ്യാൻ തയ്യാറാകരുത്. വിജയകരമായ ടെംപ്ലേറ്റുകൾ പിന്തുടർന്ന് സൂപ്പർഹീറോ നീക്കങ്ങൾ മാത്രം ചെയ്യുന്ന ആളുകളെ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരു ഇൻഡസ്ട്രിയിൽ പല തരത്തിലുള്ള ഴോണറുകൾ വരണമെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. നല്ല സബ്ജക്ട് എടുത്ത് നന്നായിട്ട് മേക്ക് ചെയ്യുക. അതാണ് ലോകയും ചെയ്തത്. അതൊക്കെ പോസിറ്റീവ്സ് ആണ്." - ജീത്തു ജോസഫ് പറഞ്ഞു.
"ദൃശ്യത്തിന്റെയും മെമ്മറീസിന്റെയും ഒക്കെ അതേ ടൈപ്പിലുള്ള കഥകളാണ് പലപ്പോഴും എന്നെ തേടിയെത്തുന്നത്. ഇത് എനിക്കും എന്‍റെ ടീമിനും മടുപ്പുണ്ടാക്കുന്നുണ്ട്. ഒരുപാട് കാലമായി മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ‘ദൃശ്യം’ ഉൾപ്പെടെയുള്ള സിനിമകളുടെ കഥ മമ്മൂട്ടിയോട് പറഞ്ഞിരുന്നു. അന്ന് മറ്റ് സിനിമകളുടെ തിരക്കുകളും മറ്റും കാരണം അദ്ദേഹത്തിന് സിനിമ ചെയ്യാൻ കഴിഞ്ഞില്ല." - ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
"സ്ക്രിപ്റ്റിങ്ങിൽ സമയമെടുത്ത് ചെയ്താൽ അതിന്റെ റിസൽറ്റ് കിട്ടുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പല ഴോണറുകൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. നല്ല കഥ വരുമ്പോൾ അതിനകത്ത് ഒരു സൂപ്പർ ഹീറോക്കുള്ള സ്പെയ്സ് ഉണ്ടെങ്കിൽ അത് ചെയ്യും. അല്ലാതെ ഇത് ചെയ്യണം എന്ന് പറഞ്ഞ് ഞാൻ ഇറങ്ങാറില്ല. വലിയ ഭാഗ്യമായി ഞാൻ വിശ്വസിക്കുന്നത് മലയാളം ഇൻഡസ്ട്രിയുടെ ഭാഗമായി നിൽക്കാൻ പറ്റി എന്നുള്ളതാണ്. നമുക്ക് അതിനുള്ള സ്പെയ്സ് ഉണ്ട്. നല്ല ഓഡിയൻസ് ഉണ്ട്. മറ്റു ഭാഷകളിലെ ആളുകളും ഇപ്പോൾ മലയാള സിനിമ കണ്ടു തുടങ്ങിയിരിക്കുന്നു." - ജീത്തു ജോസഫ് പറഞ്ഞു.