

തന്റെ ചുരുണ്ട മുടി ഒരു പോരായ്മയായി കണ്ടിരുന്ന സിനിമാ ലോകത്തെക്കുറിച്ചും ആ മനോഭാവം പിന്നീട് മാറിയതിനെക്കുറിച്ചും പറയുകയാണ് നടി താപ്‌സി. സിനിമയിലെ പല സംവിധായകരും നടിമാരുടെ നീളമുള്ള സ്ട്രെയ്റ്റ് ഹെയറാണ് 'സെക്സി' എന്ന് വിശ്വസിച്ചിരുന്നത്. അതുകൊണ്ട് തന്നെ തന്റെ മുടി സ്ട്രെയ്റ്റ് ചെയ്യാൻ പലരും നിർബന്ധിച്ചിരുന്നതായി താപ്‌സി പറയുന്നു. റിബലായ കഥാപാത്രങ്ങൾക്കും 'ബാഡ് ഗേൾസ്' (ചീത്ത പെൺകുട്ടികൾ) എന്നു വിളിക്കപ്പെടുന്നവർക്കുമാണ് ചുരുണ്ട മുടി ഉണ്ടാവുക എന്നതായിരുന്നു സിനിമയിലെ അന്നത്തെ പൊതുവായ കാഴ്ചപ്പാട്.
തുടക്കത്തിൽ സംവിധായകരുടെ നിർദ്ദേശങ്ങൾ അനുസരിച്ചിരുന്നെങ്കിലും പിന്നീട് തന്റെ മുടിയെ സ്നേഹിക്കാൻ പഠിച്ചുവെന്ന് താരം പറയുന്നു. താപ്‌സിയുടെ വ്യക്തിത്വം മുടിയിലും പ്രതിഫലിച്ചു തുടങ്ങിയതോടെ, ഇപ്പോൾ പല സംവിധായകരും ഈ ചുരുണ്ട മുടി തന്നെ മതിയെന്നാണ് ആവശ്യപ്പെടുന്നത്.
പരസ്യ വിപണിയിലും വിവേചനം നേരിട്ടു. താപ്‌സിയെ മോഡലാക്കാൻ താല്പര്യപ്പെട്ട ബ്രാൻഡുകൾ പോലും മുടി സ്ട്രെയ്റ്റ് ചെയ്യണമെന്ന് നിർബന്ധിച്ചിരുന്നു. ഇന്ത്യയിലെ സൗന്ദര്യ സങ്കല്പം നീളമുള്ള നേരെയുള്ള മുടിയാണെന്ന ധാരണ തന്നെ വേദനിപ്പിച്ചിരുന്നുവെന്നും താരം തുറന്നു പറഞ്ഞു.
ഒരു ഘട്ടത്തിൽ തന്റെ മുടിയെ താൻ പോലും വെറുത്തിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് തന്റെ വലിയൊരു അടയാളമായി മാറിയെന്നും താപ്‌സി കൂട്ടിച്ചേർത്തു. ചുരുണ്ട മുടിയുള്ളവർക്കായി പ്രത്യേക സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ കുറവാണെന്ന കാര്യവും താരം ചൂണ്ടിക്കാട്ടി.