
സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ, തമിഴ് നടൻ സൂര്യയുടെ നേതൃത്വത്തിൽ 2006 ൽ ആരംഭിച്ചച്ച് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ‘അഗരം ഫൗണ്ടേഷൻ’. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്ന ആശയത്തിലാണ് അഗരം ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.
സൂര്യയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ.കെ ശൈലജ ടീച്ചർ.
"സൂര്യയുടെ അഗരം ഫൗണ്ടേഷൻ ജീവിതങ്ങളെ മാറ്റിമറിക്കുന്നു! 51 പേർ ഡോക്ടർമാരായും 1,800 പേർ എഞ്ചിനീയർമാരായും 2006 മുതൽ 6,000+ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ശാക്തീകരിച്ചു. 160 സീറ്റില്‍ ആരംഭിച്ച അഗരം ഇന്ന് 6000 വിദ്യാര്‍ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു. വിദ്യാഭ്യാസം മാറ്റമാണെന്നതിന്റെ യഥാർത്ഥ ഉദാഹരണം. ഈ പ്രചോദനാത്മക ദൗത്യത്തിന് എല്ലാവിധ ആശംസകളും." - ശൈലജ ടീച്ചർ എക്സിൽ കുറിച്ചു.
സൂര്യയുടെ അഗരം ഫൗണ്ടേഷൻ വഴി പഠനം പൂർത്തിയാക്കിയ 51 വിദ്യാർഥികൾ ഇന്ന് ഡോക്ടർമാരാണ്. ഈ 51 ഡോക്ടർമാരും തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. കുടുംബത്തിൽ നിന്ന് ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടുന്നവരാണ്. അഗരം ഫൗണ്ടേഷൻ വിദ്യാർഥികളുടെ വൈകാരിക പ്രതികരണങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. സ്വന്തമായി വിദ്യാഭ്യാസം നേടാൻ കഴിയില്ലെന്ന് കരുതിയ പലർക്കും ഒരു പുതിയ ജീവിതം നൽകിയത് ഈ ഫൗണ്ടേഷനാണ്.
ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള സാമ്പത്തിക സഹായവും മാർഗനിർദേശങ്ങളും നൽകുന്ന പ്രോഗ്രാമാണ് വിദൈ (Vidhai). വിദ്യാർഥികൾക്ക് പഠനത്തിലും ജീവിതത്തിലും മാർഗനിർദേശം നൽകുന്നതിനായി മുതിർന്നവരുമായി ബന്ധിപ്പിക്കുന്ന മെന്‍റർഷിപ്പ് പ്രോഗ്രാമുകളും അഗരത്തിന്‍റെ കീഴിൽ നടത്തുന്നുണ്ട്.
വിദൂര ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിൽ പഠിക്കാൻ വരുന്ന വിദ്യാർഥികൾക്ക് സുരക്ഷിതമായ താമസസൗകര്യവും പോഷകസമൃദ്ധമായ ഭക്ഷണവും നൽകുന്ന അഗരം ഹോസ്റ്റലുകൾ, സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അധ്യാപന നിലവാരം ഉയർത്തുന്നതിനും വേണ്ടിയുള്ള പദ്ധതിയായ 'നമ്മൾ പള്ളി' തുടങ്ങിയവയും അഗരം ഫൗണ്ടേഷന്‍റെ ഭാഗമാണ്.