സൂര്യയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സൂര്യ 45'. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ ഹൈപ്പാണ് ആരാധകർക്കിടയിലുള്ളത്. സൂര്യയുടെ തിരിച്ചു വരവെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സിനിമയുടെ ടീസർ ഉടൻ ഉണ്ടാകുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യ 45.
സൂര്യയുടെ 45-ാം സിനിമയുടെ പേര് 'വേട്ടൈ കറുപ്പ്' എന്നായിരിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ സൂര്യ ഇരട്ടവേഷത്തിലാകും എന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നാണ് സൂചന. ആർജെ ബാലാജിയുടെ മുൻ ചിത്രമായ മൂക്കുത്തി അമ്മന്റെ അതേ പാറ്റേണിൽ ആകും ചിത്രം ഒരുങ്ങുന്നതെന്നും സൂചയുണ്ട്.
തൃഷയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്. മലയാള അഭിനേതാക്കളായ ഇന്ദ്രൻസും സ്വാസികയും ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ആർജെ ബാലാജിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.