സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ‘റെട്രോ’ ഒടിടിയിലേക്ക്. ചിത്രം മേയ് 31 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമീങ് ചെയ്യും. മേയ് അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ബോക്സ്ഓഫിസിൽ നിന്നും ലഭിച്ചത്. ‘കങ്കുവ’യുടെ ദയനീയ പരാജയത്തിനുശേഷം റിലീസിനെത്തുന്ന സൂര്യ ചിത്രം കൂടിയായിരുന്നു ഇത്.
പ്രണയവും പ്രതികാരവുമൊക്കെ നിറഞ്ഞ സിനിമ 1990കളിലെ കഥയാണ് പറയുന്നത്. 168 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. കഥയിലെ പുതുമയില്ലായ്മ പ്രധാന പോരായ്മയാണെങ്കിലും അതിനെ തന്റെ മേക്കിങിലൂടെ മറികടക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. വെസ്റ്റേൺ ഹോളിവുഡ് ക്ലാസിക് സിനിമകളെ അനുസ്മരിപ്പിക്കുന്ന അവതരണശൈലിയാണ് കാർത്തിക് പരീക്ഷിച്ചിരിക്കുന്നത്.
പാരിവേൽ എന്ന ഗ്യാങ്സ്റ്ററായി സൂര്യ ചിത്രത്തിലെത്തുന്നു. രുക്മിണിയുടെ വേഷത്തിൽ പൂജ ഹെഗ്‍ഡെ കരിയറിലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സൂര്യയുടെ അച്ഛനായി എത്തുന്നത് ജോജുവാണ്. തിലകൻ എന്ന ഗ്യാങ്സ്റ്ററുടെ വേഷത്തിൽ ജോജുവും തിളങ്ങുന്നുണ്ട്. സ്വാസികയാണ് സൂര്യയുടെ അമ്മ വേഷത്തിലെത്തുന്നത്. ചാപ്ലിൻ പ്യാരിവേല്‍ എന്ന മലയാളി ഡോക്ടറായി ജയറാം തകർത്തഭിനയിച്ചു. നാസർ, സുജിത് ശങ്കർ, കരുണാകരൻ, സിങ്കംപുലി, വിധു, അവിനാശ്, തരക്, പ്രേം കുമാർ, ഉദയ് മഹേഷ്, രമ്യ സുരേഷ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്.