ഇതൊരു സമ്മാനമായി കാണുന്നില്ല, മുതിർന്ന സഹോദരങ്ങൾ ഇളയ അനിയന്റെ സ്വപ്നത്തിനൊപ്പം നിന്നതാണെന്നു കരുതുന്നു. നന്ദി സൂര്യ അണ്ണാ, കാർത്തി ബ്രദർ, രാജ സാർ. ഏറെ നാളുകളായി സ്വപ്നം കണ്ട വാഹനം സ്വന്തമായപ്പോൾ ആ സന്തോഷത്തിനു നന്ദി പറയാൻ വാക്കുകളില്ലായിരുന്നു തമിഴിലെ യുവസംവിധായകനായ പ്രേംകുമാർ ചന്ദ്രന്. 96, മെയ്യഴകൻ എന്നീ ചിത്രങ്ങളുടെ വിജയത്തിന് സൂര്യയും കാർത്തിയും ചേർന്ന് പ്രേംകുമാറിന് നൽകിയ സമ്മാനമായിരുന്നു മഹീന്ദ്രയുടെ ഥാർ റോക്സ് എ എക്സ് 5 എൽ 4x4. വളരെ അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം തന്നിലേക്ക് എത്തിയതെങ്ങനെ എന്ന് കാര്യം മനോഹരമായ കുറിപ്പിലൂടെ പ്രേംകുമാർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം:
"എന്നെങ്കിലുമൊരിക്കൽ സ്വന്തമാക്കണമെന്നു സ്വപ്നം കണ്ട വാഹനമായിരുന്നു വൈറ്റ് ഷെയ്ഡിലുള്ള ഥാർ റോക്സ് 5 ഡോർ പതിപ്പ്. പക്ഷെ പൈസ ഒരുക്കി കാത്തിരുന്നപ്പോൾ ഇഷ്ട നിറത്തിലുള്ള വാഹനം കിട്ടിയില്ല. നിറം ഒത്തുവന്നപ്പോൾ ആഗ്രഹിച്ച മോഡൽ ലഭിച്ചില്ല. സ്വപ്നം നീണ്ടുപോയപ്പോൾ, കയ്യിൽ കരുതിയ പണം മാറ്റാവശ്യങ്ങൾക്കു വിനിയോഗിക്കേണ്ടി വന്നു. ഥാർ എന്ന ആഗ്രഹം വിദൂരത്തായി. അപ്പോഴൊക്കെയും തന്റെ കൂടെ നിന്ന രാജ സാർ ആ സ്വപ്നം ഉപേക്ഷിച്ചിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ദിവസം സൂര്യ അണ്ണ ഒരു ചിത്രം അയച്ചു തന്നു. വൈറ്റ് ഥാർ റോക്സ് എ എക്സ് 5 എൽ 4x4, ''അത് വന്നു'' എന്നൊരു സന്ദേശവും ഒപ്പമുണ്ടായിരുന്നു. പക്ഷേ വാങ്ങാനുള്ള പണം കയ്യിൽ ഇല്ലാതിരുന്നതു കൊണ്ടുതന്നെ പരിഭ്രമിച്ചാണ് രാജ സാറിനെ വിളിച്ചത്. ചിരിച്ചുകൊണ്ടുള്ള മറുപടി... ''പ്രേം, അത് സൂര്യ സാർ നിനക്ക് തരുന്ന സമ്മാനമാണെന്നായിരുന്നു''. വാക്കുകൾ കിട്ടാതെ സ്തംബ്ധനായി നിന്ന് പോയ നിമിഷങ്ങൾ. അങ്ങനെ ലക്ഷ്മി ഇല്ലത്തേക്ക് ക്ഷണം ലഭിച്ചു. ആ ഗേറ്റുകൾ തുറന്നപ്പോൾ മുറ്റത്ത് തന്റെ ഇനിയുള്ള നീണ്ട യാത്രകൾക്കുള്ള സഹചാരി കാത്തു നിൽക്കുന്നുണ്ടായിരുന്നു. തന്റെ മെയ്യഴകൻ കാർത്തി ബ്രദർ വാഹനത്തിന്റെ താക്കോൽ നൽകി. ആ നിമിഷങ്ങളെല്ലാം അവിശ്വസനീയതയോടെയാണ് കണ്ടുനിന്നത്." ഹൃദയം നിറഞ്ഞ സന്തോഷത്തിൽ പ്രേംകുമാർ കുറിച്ച വാക്കുകൾ.
മഹീന്ദ്രയുടെ ഥാർ ഇറങ്ങിയ കാലം മുതൽ ഇന്ത്യക്കാരുടെ ഹൃദയത്തിൽ ആ വാഹനത്തിനു ഒരു പ്രത്യേക സ്ഥാനമുണ്ട്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികളെ വരെ ലുക്ക് കൊണ്ടും സ്റ്റൈൽ കൊണ്ടും പെർഫോമൻസ് കൊണ്ടും തന്റെ ആരാധകരാക്കി മാറ്റിയ ഈ വാഹനം നിരവധി പ്രശസ്തർ സ്വന്തമാക്കിയിട്ടുണ്ട്.