ചെന്നൈ: ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഒടിടി അപ്ഡേറ്റുകൾ പുറത്ത്. തമിഴ് സൂപ്പർതാരം സൂര്യ നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. (Suriya 47, OTT rights to Netflix)
സൂര്യയുടെ കരിയറിലെ 47-ാം ചിത്രമാണിത്. ആരാധകരെ ആവേശത്തിലാക്കുന്ന വാർത്ത എന്തെന്നാൽ, വലിയൊരു ഇടവേളയ്ക്ക് ശേഷം സൂര്യ വീണ്ടും പോലീസ് യൂണിഫോമിൽ എത്തുന്നു എന്നതാണ്. ജിത്തു മാധവന്റെ തനത് ശൈലിയിലുള്ള ആക്ഷൻ കോമഡി എലമെന്റുകൾ ഈ ചിത്രത്തിലും ഉണ്ടാകുമെന്നാണ് സൂചന.
മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നസ്രിയ നസീം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു തമിഴ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. 'പ്രേമലു' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലാകെ ആരാധകരെ നേടിയ നെസ്ലനും പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.