ന്യൂഡൽഹി : രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി വ്യാഴാഴ്ച റദ്ദാക്കി. കർണാടക സംസ്ഥാന സർക്കാരിന്റെ അപ്പീൽ ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു.(Supreme Court cancels actor Darshan’s bail in Renukaswamy murder case)
ജൂൺ 9 ന് രേണുകസ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ 2024 ജൂൺ 11 ന് ദർശൻ അറസ്റ്റിലായി. തന്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയെ സോഷ്യൽ മീഡിയയിൽ പിന്തുടരുകയും അധിക്ഷേപിക്കുകയും ചെയ്തതിനായിരുന്നു കൊലപാതകം. ബെംഗളൂരുവിൽ നടന്ന കൊലപാതകത്തിന് നടൻ കുറച്ച് ആളുകൾക്ക് പണം നൽകിയതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ സംഘത്തിലെ അംഗങ്ങളെയും പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തു.
2024 ഡിസംബർ 13 ന് ഹൈക്കോടതി നടനും പവിത്ര ഗൗഡയ്ക്കും സഹപ്രതികളായ പ്രദൂഷ് റാവു, ജഗ്ഗു എന്ന ജഗ്ഗു, അനു കുമാർ, ലക്ഷ്മൺ എം, നാഗരാജു കെ എന്നിവർക്കും സ്ഥിരം ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ തലതിരിഞ്ഞത് എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. ജയിലിൽ വി ഐ പി പരിഗണന പാടില്ലെന്നും നിർദേശമുണ്ട്.