

പാ. രഞ്ജിത്തിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ ഡ്രാമയാണ് 'വേട്ടുവം'. ചിത്രത്തിന്‍റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. 'വേട്ടുവ'ത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങളെക്കുറിച്ച് ആര്യ ചില സൂചനകൾ നൽകിയത് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നിർണായക സീക്വൻസിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണെന്നും ആര്യ പറഞ്ഞു.
ആരാധകരും ചലച്ചിത്രലോകവും ആവേശത്തോടെ കാത്തിരിക്കുന്ന ആര്യയുടെ ചിത്രമാണ് 'വേട്ടുവം.' തെന്നിന്ത്യൻ സൂപ്പർതാരം ആര്യ, ബോളിവുഡ് താരം ശോഭിത ധൂലിപാല, ദിനേശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ശോഭിത ധൂലിപാല വിവാഹശേഷം അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമെന്ന നിലയിലും 'വേട്ടുവം' ശ്രദ്ധ പിടിച്ചുപറ്റി.
'വേട്ടുവ'ത്തിൽ നിന്നുള്ള തന്‍റെ സിക്സ് പായ്ക്ക് ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചുകൊണ്ട് ആര്യ എഴുതി: "അതേ കണ്ണാടി.. അതേ വേട്ടുവം ക്ലൈമാക്സ്. വ്യത്യസ്തമായ ദിവസം. അവസാനിക്കുന്ന ക്ലൈമാക്സ്...' പിന്നീട്, മഴയ്ക്കു ശേഷം ക്ലൈമാക്സ് ഷൂട്ടിംഗ് പുനരാരംഭിക്കുകയായിരുന്നു.
ഒക്ടോബർ 30 ന്, ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവച്ചിരുന്നു, "മഴ നിലയ്ക്കുന്നു.. ഷൂട്ടിംഗ് തുടങ്ങുന്നു... പക്ഷേ പരിശീലനം തുടരുന്നു...' സിക്സ് പാക്ക് നിലനിർത്തുക എന്നത് ശ്രമകരമായ ജോലിയാണെന്നും താരം പറയുന്നു. വ്യത്യസ്തമായ ആക്ഷൻ മൂവിയാണ് "വേട്ടുവം' എന്നും താരം വെളിപ്പെടുത്തി. ക്ലൈമാക്സ് വൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണെന്നും ആര്യ സൂചന നൽകി.
രഞ്ജിത്തിന്‍റെ നീലം പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ ദിനേശ്, കലൈയരസൻ, മൈം ഗോപി, ഗുരു സോമസുന്ദരം, ഷബീർ കല്ലറക്കൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്‍റെ സംഗീതം ജി.വി. പ്രകാശ് ആണ്.
ജൂലൈയിൽ ചിത്രത്തിനുവേണ്ടി കാർ സ്റ്റണ്ട് ചെയ്യുന്നതിനിടെ സ്റ്റണ്ട്മാൻ മോഹൻ രാജ് മരിച്ചതു വലിയ വാർത്തയായിരുന്നു.