
മാളികപ്പുറം എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു ശശി ശങ്കറും എഴുത്തുകാരൻ അഭിലാഷ് പിള്ളയും വീണ്ടും ഒന്നിച്ച ചിത്രമാണ് 'സുമതി വളവ്'. അർജുൻ അശോകനെ നായകനാക്കി ഒരുക്കിയ ചിത്രം തിയറ്ററിൽ ഒരു ആവറേജ് ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിനായി എത്തുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സുമതി വളവിൻ്റെ ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങൾ സംബന്ധിച്ച് ധാരണയായതായാണ് റിപ്പോർട്ട്.
സീ ഗ്രൂപ്പിൻ്റെ സീ5 ഒടിടി പ്ലാറ്റ്ഫോമാണ് സമുതി വളവിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സീ ഗ്രൂപ്പ് തന്നെയാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശവും നേടിയിരിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒടിടി പ്ലാറ്റ്ഫോമോ സിനിമയുടെ അണിയറപ്രവർത്തകരോ പങ്കുവെച്ചിട്ടില്ല. ഓണം കഴിഞ്ഞാൽ ചിത്രം ഉടൻ ഒടിടി സംപ്രേഷണം ആരംഭിക്കാനാണ് സാധ്യത.
ശ്രീ ഗോകുലം മൂവീസിൻ്റെയും വാട്ടർമാൻ ഫിലിംസ് എൽഎൽപിയുടെ ബാനറിൽ ഗോകുലം ഗോപാലൻ മുരളി കുന്നുപ്പുറത്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് സമുതി വളവ്. അർജുൻ അശോകന് പുറമെ ചിത്രത്തിൽ മാളവിക മനോജ്, സിദ്ധാർഥ് ഭരതൻ, ഗോകുൽ സുരേഷ്, ബാലു വർഗീസ്, സൈജു കുറുപ്പ്, ശിവദ, ദേവനന്ദ, ശ്രീപഥ് യാൻ, ജൂഹി ജയകുമാർ, ജസ്ന്യ കെ, ജയദീഷ്, ഗോപിക അനിൽ, ശ്രാവൺ മുകേഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.
ശങ്കർ പിവിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ഷഫീക്ക് മുഹമ്മദ് അലിയാണ് എഡിറ്റർ. രജിൻ രാജാൻ ചിത്രത്തിലെ സംഗീതം ഒരുക്കിട്ടുള്ളത്.