സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മല്ലിക സുകുമാരൻ. ഇന്ദ്രജിത്തിനും പൃഥ്വിരാജിനും പേരിട്ടതിനെ കുറിച്ചാണ് ഇപ്പോൾ മല്ലിക പറയുന്നത്.
"അമ്മയാകുന്നതും സങ്കൽപ്പിച്ച് ഞാൻ ചിന്തിച്ച് സന്തോഷിച്ച സമയാണത്. സുകുവേട്ടനാകട്ടെ കുഞ്ഞിന് പേരിടാനുള്ള ആലോചനകളിലും. എന്റെ അച്ഛനിട്ട പോലെ സുകുമാരൻ എന്ന പേരൊന്നും വേണ്ടെന്ന് ഇടയ്ക്ക് തമാശയ്ക്ക് പറയും. നമ്മുടെ മക്കളുടെ പേര് അവർ പഠിക്കുന്ന സ്കൂളിൽ വേറെയാർക്കും ഉണ്ടാകാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെയാണ് ഇന്ദ്രജിത്തെന്നും പൃഥ്വിരാജെന്നും പേരിടുന്നത്. അവർ സൈനിക് സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്നതുവരെ അതുപോലെയൊരു പേരുകാർ അവിടെ വന്നിട്ടില്ല.
രാവണന്റെ മകനാണ് ഇന്ദ്രജിത്ത്. അങ്ങനെയൊരു പേര് മകനുവേണ്ടി ആലോചിച്ചപ്പോൾ, 'സുകുവേട്ടാ, നിങ്ങളെന്താ രാവണനാണോ?' എന്ന് ഞാൻ ചോദിച്ചു. 'എന്താ രാവണന് കുഴപ്പം? അയാൾ ഒറ്റയാനെപ്പോലെ നിന്ന് പോരാടിയതാണ്. നല്ലയാളാണ് രാവണൻ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അന്നത്തെ ഇടതുപക്ഷ ചിന്താഗതിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പക്ഷേ വർഷങ്ങൾ കഴിയുന്തോറും അത് മാറി. ഇടതുപക്ഷ സുഹൃത്തുക്കളോടൊക്കെ അദ്ദേഹം വിമർശനം ഉന്നയിക്കുന്നത് കേട്ടിട്ടുണ്ട്. പഴയപോലെയല്ല, ഇപ്പോൾ എല്ലാവർക്കും സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതി വന്നു എന്നൊക്കെ പറയുന്നത് കേൾക്കാമായിരുന്നു." - മല്ലിക സുകുമാരൻ പറയുന്നു.