
ലണ്ടനിലെ ഉപരിപഠനം വിജയകരമായി പൂർത്തിയാക്കിയതായി നടി എസ്തർ അനിൽ. ഒരു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സ് പൂർത്തിയായെന്നും അതിന്റെ പ്രോജക്റ്റ് ആഗസ്റ്റിൽ സമർപ്പിച്ചുവെന്നും താരം വ്യക്തമാക്കി. പഠനശേഷം നാട്ടിലെത്തിയെങ്കിലും ജോലിയിൽ സജീവമാണ് എസ്തർ. ലണ്ടനിലുള്ള ക്ലയന്റ്സിനു വേണ്ടി ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നുണ്ടെന്നും, അത് നാട്ടിലിരുന്ന് ചെയ്ത് അയച്ചു കൊടുത്താൽ മതിയെന്നും താരം പറഞ്ഞു. ലോകോത്തര നിലവാരമുള്ള ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഡെവലപ്മെന്റൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു നടി. ഈ കോഴ്സിന് പ്രവേശനം നേടിയതിനെ പലരും പരിഹസിച്ചിരുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാണ് താരം ആ വിമർശനങ്ങൾക്ക് മറുപടി നൽകിയത്.
‘‘ഞാൻ യുകെയിൽ ചെയ്തുകൊണ്ടിരുന്ന ബിരുദാനന്തര ബിരുദത്തെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. യുകെയിൽ കൂടുതലും ഉള്ളത് ഒരു വർഷത്തെ മാസ്റ്റേഴ്സ് ആണ്, അത് കഴിഞ്ഞു. അതിന്റെ പ്രോജക്റ്റ് ആഗസ്റ്റിൽ സമർപ്പിച്ചു കഴിഞ്ഞു. എഴുതിയ പരീക്ഷ എല്ലാം പാസായി, ഇനി ഡിസേർട്ടേഷന്റെ റിസൾട്ട് കൂടിയേ ഉള്ളൂ. ഡിസംബറിൽ കോൺവൊക്കേഷൻ ഉണ്ടാകുമെന്നു കരുതുന്നു. അതിനു വേണ്ടി ലണ്ടനിലേക്ക് പോകേണ്ടി വരും. അത് കഴിഞ്ഞാൽ പിന്നീട് ലണ്ടനിലേക്ക് തിരിച്ചു പോകാൻ പ്ലാൻ ഒന്നുമില്ല. ഞാൻ ഫ്രീലാൻസ് ആയി വർക്ക് ചെയ്യുന്നുണ്ട്. ലണ്ടനിലുള്ള ക്ലയന്റ്സ് ആണ്, അത് നാട്ടിലിരുന്നു ചെയ്ത് അയച്ചുകൊടുത്താൽ മതി. ഇതാണ് എന്റെ പഠനത്തെപ്പറ്റിയുള്ള പുതിയ അപ്ഡേറ്റ്.’’–ഇൻസ്റ്റഗ്രാമിൽ ആരാധകരോട് സംവദിക്കുന്നതിനിടെ നടി പറഞ്ഞു.
എസ്തർ ഇപ്പോൾ 'ദൃശ്യം' സിനിമയുടെ മൂന്നാം ഭാഗത്തിൽ അഭിനയിക്കുകയാണ്. മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരുടെ ഡൈനിങ് റൂം സീനുകളുടെ ചിത്രങ്ങൾ സംവിധായകൻ ജീത്തു ജോസഫ് പങ്കുവെച്ചിരുന്നു. വിദേശ പഠനം പൂർത്തിയാക്കി മലയാള സിനിമയിലേക്ക് പൂർണമായും മടങ്ങിയെത്താനുള്ള തയാറെടുപ്പിലാണ് എസ്തർ.