
'ലോക ചാപ്റ്റർ 1: ചന്ദ്ര’ സിനിമ ബോക്സ്ഓഫീസിൽ 200 കോടി പിന്നിട്ടതിന്റെ സന്തോഷം പങ്കുവച്ച് നടി കല്യാണി പ്രിയദർശൻ. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വൈകാരിക കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംവിധായകൻ ഡൊമിനിക് അരുണിനെയും ചിത്രത്തിലെ മറ്റ് സഹപ്രവർത്തകരെയും അഭിനന്ദിച്ച കല്യാണി, പ്രേക്ഷർ കൂടെയുണ്ടെങ്കിൽ മാത്രം സാധിക്കുന്ന വിജയത്തിലാണ് ‘ലോക’ എത്തിനിൽക്കുന്നതെന്നും കുറിച്ചും. ഒപ്പം, അച്ഛൻ പ്രിയദർശൻ തനിക്ക് നൽകിയ ഉപദേശവും കല്യാണി പങ്കുവെച്ചിട്ടുണ്ട്.
പ്രിയദർശൻ വാട്സാപ്പിൽ അയച്ച മെസേജിന്റെ സ്ക്രീൻഷോട്ടാണ് കല്യാണി പങ്കുവച്ചത്. “ഈ മെസജ് ഒരിക്കലും മായ്ച്ചുകളയരുത്. വിജയം തലയിലേറ്റരുത്. പരാജയം ഹൃദയത്തിലും, ചക്കരേ. നിനക്ക് നൽകാനുള്ള ഏറ്റവും മികച്ച ഉപദേശമിതാണ്.” എന്നാണ് കല്യാണിക്ക് പ്രിയദർശൻ നൽകിയ ഉപദേശം. ഒരുപാടു ചിത്രങ്ങളുടെ ഒപ്പം താരം പങ്കുവെച്ച ഈ സന്ദേശമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
അതേസമയം, ‘ലോക’യ്ക്ക് നൽകിയ സ്നേഹത്തിന് കല്യാണി നന്ദി പറയുകയും ചെയ്തു. "മലയാള സിനിമയിൽ എന്നും ഉള്ളടക്കമാണ് രാജാവും ഏറ്റവും വലിയ താരവും. നിങ്ങളത് ഒരിക്കൽ കൂടി തെളിച്ചിരിക്കുകയാണ്. നല്ല കഥകൾക്ക് എപ്പോഴും പ്രേക്ഷകർക്കിടയിൽ സ്ഥാനമുണ്ടെന്ന് അറിയിക്കാൻ അവസരം നൽകിയതിന് നന്ദിയുണ്ട്." - കല്യാണി കുറിച്ചു. സംവിധായകൻ ഡൊമിനിക് അരുണിനും, സിനിമയിലെ മറ്റ് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും കല്യാണി നന്ദി അറിയിച്ചു.
കല്യാണി പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ്:
“ലോക’യെ നമ്മുടെ സ്വകാര്യ അഭിമാനമായി മാറ്റി, ഇത്രയും വലിയ വിജയമാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളി പ്രേക്ഷകർക്ക്, ഒരുപാട് ഒരുപാട് നന്ദി.” - എന്ന് പറഞ്ഞുകൊണ്ടാണ് കല്യാണി കുറിപ്പ് അവസാനിപ്പിച്ചത്.