

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ സിനിമയായി 'പ്രേമലു' തെരഞ്ഞെടുക്കപ്പെട്ടു. സൂപ്പർ ശരണ്യ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. നസ്ലിൻ, മമിത ബൈജു, ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. 2024 ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രം മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും മികച്ച പ്രതികരണമാണ് നേടിയത്.
മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിങ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലു തെലുങ്കിൽ എത്തിച്ചത്. ഡി.എം.കെ നേതാവും അഭിനേതാവും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് പതിപ്പിറ്റിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്.
റൊമാന്റിക് കോമഡി ചിത്രമായ പ്രേമലു വൻ ബോക്സ് ഓഫിസ് കലക്ഷനാണ് നേടിയത്. ലോകമെമ്പാടുമായി ഏകദേശം 136 കോടി വരുമാനം ചിത്രം നേടിയിരുന്നു. മൂന്ന് കോടി ബജറ്റിൽ നിർമിച്ച ചിത്രം വൻ വാണിജ്യ വിജയമായി മാറി. 2024 ലെ ഏറ്റവും ലാഭകരമായ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായി പ്രേമലു സ്ഥാനം പിടിച്ചു.