കാസർഗോഡ്: ഗായകനും വ്ലോഗറുമായ ഹനാൻ ഷായുടെ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് കാസർഗോഡ് ഉണ്ടായ തിക്കിലും തിരക്കിലും സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. സംഘാടകരായ അഞ്ചുപേർക്കെതിരെയും കമ്മിറ്റി അംഗങ്ങൾക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.(Stampede at Hanan Shah's music night in Kasaragod, Case filed against organizers)
ഇന്നലെ രാത്രി നടന്ന സംഗീത നിശക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. എഫ്.ഐ.ആറിലെ വിവരങ്ങൾ പ്രകാരം, മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് 10,000 ആളുകളെ പരിപാടി നടക്കുന്ന മൈതാനത്തേക്ക് പ്രവേശിപ്പിച്ചു.
കാസർകോട് പുതിയ ബസ്റ്റാൻഡിന് സമീപമുള്ള മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആളുകൾ തടിച്ചുകൂടിയതിനെ തുടർന്ന് നഗരത്തിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.
തിക്കും തിരക്കും നിയന്ത്രണാതീതമായതോടെ ജില്ലാ പോലീസ് മേധാവി നേരിട്ടെത്തി പരിപാടി നിർത്തിവെപ്പിച്ചു. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശേണ്ടി വന്നു. തിക്കിലും തിരക്കിലുംപെട്ട് അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.