പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വംഗ സംവിധനം ചെയ്യുന്ന 'സ്പിരിറ്റ്' എന്ന സിനിമയിൽ നിന്ന് ബോളിവുഡ് നായിക ദീപിക പദുക്കോണിനെ ഒഴിവാക്കിയാതായി റിപ്പോർട്ട്. സ്പിരിറ്റിൽ അഭിനയിക്കുന്നതിന് നിരവധി ഡിമാന്റുകളാണ് ദീപിക മുന്നോട്ടുവച്ചത്. എന്നാൽ അതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാട്ടി സംവിധായകന്‍ തന്നെയാണ് ദീപികയെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ദീപികയ്ക്ക് പകരം സ്പിരിറ്റിൽ തെന്നിന്ത്യൻ നായിക രുക്മിണി വസന്തിനെ പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്. സിനിമയുടെ അണിയറ പ്രവർത്തകർ രുക്മിണി വസന്തുമായി ചർച്ചകളിലാണെന്നുമാണ് വിവരം. സപ്ത സാഗരദാച്ചെ എല്ലോ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് രുക്മിണി.
കഴിഞ്ഞ ദിവസമാണ് ദീപിക പദുക്കോണിനെ സിനിമയിൽ നിന്ന് ഒഴിവാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. ഒരു ദിവസത്തിൽ ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും നടി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. കൂടാതെ താൻ തെലുങ്കിൽ ഡയലോഗുകൾ പറയില്ലെന്നും നടി പറഞ്ഞത്രെ. ഈ ഡിമാന്‍റുകള്‍ അംഗീകരിക്കാന്‍ സ്പിരിറ്റ് ടീം തയ്യാറായില്ല എന്നാണ് സൂചന.
സ്പിരിറ്റ് 2025 ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. 2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്.