വാഷിങ്ടൺ : സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നായകൻ ടോം ഹോളണ്ടിന് പരിക്കേറ്റു. യുകെയിലെ ചിത്രീകരണത്തിനിടെ അപകടം ഉണ്ടായത്. ടോം ഹോളണ്ടിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗൗരവമുള്ളതല്ലെങ്കിലും സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്ക് താരം കുറച്ചുദിവസത്തേക്ക് ചിത്രീകരണത്തിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല.
വെള്ളിയാഴ്ച ചിത്രത്തിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഹോളണ്ടിന് തലയ്ക്ക് പരിക്കേറ്റത്. അതേസമയം പരിക്കേറ്റിട്ടും, ഹോളണ്ട് ശനിയാഴ്ച ലണ്ടനിലെ ക്രിസ്റ്റീസ് ലേല സ്ഥാപനത്തിൽ, പ്രതിശ്രുതവധുവും സഹതാരവുമായ സെൻഡേയയോടൊപ്പം 'ദ ബ്രദേഴ്‌സ് ട്രസ്റ്റി'ന് വേണ്ടിയുള്ള ഒരു ചാരിറ്റി പരിപാടിയിൽ അവതാരകനായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു.സോണിയും മാർവൽ സ്റ്റുഡിയോസും ചേർന്നാണ് 'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' നിർമ്മിക്കുന്നത്. 2026 ജൂലൈ 31-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.