

ഇന്ത്യയിലെ ഏറ്റവും ജനപ്രിയരായ നടിമാരുടെ പട്ടികയും പുറത്തിറക്കി മീഡിയ കൺസൾട്ടിങ് കമ്പനിയായ ഒർമാക്സ് മീഡിയ. ഒക്ടോബർ മാസത്തിലെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരുടെ പട്ടികയിൽ ദക്ഷിണേന്ത്യൻ താരങ്ങളാണ് മുന്നിൽ. ആദ്യ പത്തിൽ എട്ടും ദക്ഷിണേന്ത്യൻ താരങ്ങളാണ്. ആലിയ ഭട്ടും ദീപിക പദുകോണും മാത്രമാണ് ആദ്യ പത്തിൽ ഇടം പിടിച്ച ബോളിവുഡ് താരങ്ങൾ.
ജനപ്രിയ വനിത താരങ്ങളിൽ ഒന്നാം സ്ഥാനത്ത് തെന്നിന്ത്യയുടെ പ്രിയതാരം സാമന്തയാണ്. വിവിധ ഭാഷകളിലായി വലിയ ആരാധകവൃന്ദവും നിരന്തരമായ സോഷ്യൽ മീഡിയ സാന്നിധ്യവുമാണ് സാമന്തയെ ജനപ്രിയ സ്ഥാനത്ത് ഒന്നാമത് എത്തിച്ചത്. സിനിമ അഭിനയത്തോടൊപ്പം തന്നെ ചലചിത്ര നിർമാണത്തിലേക്കും താരം കടന്നിട്ടുണ്ട്.
ജനപ്രിയ നടിമാർ
സാമന്ത, ആലിയ ഭട്ട്, കാജൾ അഗർവാൾ, രശ്മിക മന്ദന, തൃഷ കൃഷ്ണൻ, ദീപിക പദുകോൺ, സായി പല്ലവി, നയൻതാര, ശ്രീലീല, തമന്ന ഭാട്ടിയ.
ജനപ്രിയ നടന്മാരുടെ പട്ടികയും കഴിഞ്ഞ ദിവസം ഓർമാക്സ് പുറത്തുവിട്ടിരുന്നു. പുരുഷതാരങ്ങളിലും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ് മുന്നിൽ. ആദ്യ മൂന്ന് സ്ഥാനത്ത് ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളായ പ്രഭാസ്, വിജയ്, അല്ലു അർജുൻ എന്നിവരാണ്. പതിറ്റാണ്ടുകളായി സമാനതകളില്ലാത്ത ആധിപത്യം നിലനിർത്തിയിരുന്ന ഷാരൂഖ് ഖാൻ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഷാരൂഖ് ഖാന് പുറമേ സൽമാൻ ഖാൻ മാത്രമാണ് ആദ്യ പത്തിൽ എത്തിയ ബോളിവുഡ് നടൻ. സൽമാൻ ഖാൻ പത്താം സ്ഥാനത്താണ്.