
ബ്ലാക്‌ഷീപ് സിനി അവാർഡ്സ് 2025 വേദിയിലെ സൗബിൻ ഷാഹിറിന്റെ ഡാൻസ് വിഡിയോ വീണ്ടും ശ്രദ്ധനേടുന്നു. രജിനികാന്ത്–ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യിലെ ‘മോനിക്ക’ ഗാനത്തിനാണ് സൗബിൻ ചുവടുവച്ചത്. മഞ്ഞ കുർത്ത ധരിച്ചാണ് സൗബിൻ ഡാൻസ് ചെയ്യുന്നത്. ലോകേഷ് സദസ്സിലിരുന്ന് ഡാൻസ് ആസ്വദിക്കുന്നതും വിഡിയോയിൽ കാണാം. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
‘കൂലി’യിലെ ‘മോനിക്ക’ ഗാനം റിലീസ് ആയതുമുതൽ സൗബിൻ ഷാഹിറിന്റെ പ്രകടനം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പാട്ടിന്റെ ഹുക്ക് ലൈനിൽ അനായാസമായി ചുവടു വയ്ക്കുന്ന സൗബിൻ തെന്നിന്ത്യൻ പ്രേക്ഷകരുടെ കയ്യടി നേടി. രണ്ട് ദിവസത്തിനുള്ളിൽ 11 കോടി കാഴ്ചക്കാർ പിന്നിട്ട വിഡിയോയുടെ കമന്റ് ബോക്സ് നിറയെ സൗബിനുള്ള അഭിനന്ദന പ്രവാഹമാണ്.
കൂലിയിലെ ‘മോനിക്ക’ ഗാനം യഥാർഥത്തിൽ തെന്നിന്ത്യൻ താരം പൂജ ഹെഗ്ഡെയുടെ സ്റ്റൈലിഷ് ഡാൻസ് നമ്പറായാണ് അണിയറപ്രവർത്തകർ അവതരിപ്പിച്ചത്. പാട്ടിന്റെ പോസ്റ്ററിലും പൂജയാണ് നിറഞ്ഞു നിൽക്കുന്നത്. എന്നാൽ, ഗാനം റിലീസ് ആയപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. പൂജ ഹെഗ്ഡെയുടെ ഗ്ലാമറസ് ചുവടുകളെ നിഷ്പ്രഭമാക്കി സൗബിൻ കത്തിക്കയറി. സിംപിൾ വേഷത്തിൽ സ്റ്റൈലിഷ് ആയി ചുവടു വയ്ക്കുന്ന സൗബിന്റെ അസാമാന്യ മെയ്‌വഴക്കവും ആറ്റിറ്റ്യൂഡും നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്.
ആദ്യമായല്ല സൗബിന്റെ ഡാൻസ് വൈറലാകുന്നത്. അമ്പിളിയിലെ ‘ഞാൻ ജാക്സൺ അല്ലെടാ’ എന്ന ഗാനരംഗത്ത് ആ കഥാപാത്രമായി നിന്നുകൊണ്ട് രസകരമായ പ്രകടനം താരം കാഴ്ച വച്ചിരുന്നു. എന്നാൽ, സൗബിനിലെ ഡാൻസർ പ്രേക്ഷകരെ അമ്പരപ്പിച്ചത് ‘ഭീഷ്മപർവം’ സിനിമയിലെ ‘പറുദീസ’ എന്ന ഗാനരംഗത്തിലാണ്. സ്ക്രീനിൽ നിറഞ്ഞാടിയ യുവതാരങ്ങളെ നിഷ്പ്രഭമാക്കുന്നതായിരുന്നു സൗബിന്റെ ചുവടുകൾ. അതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.