"വൈകിപ്പോയതിൽ വിഷമമുണ്ട്, വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ്‌ ചെയ്യുമായിരുന്നു, എല്ലാരും സിനിമ കാണണം"; കുറിപ്പുമായി കലാഭവൻ നവാസിന്‍റെ മക്കൾ | Izha

നവാസും ഭാര്യ രഹനയും ഒരുമിച്ച് അഭിനയിച്ച 'ഇഴ' എന്ന സിനിമ യുട്യൂബിൽ റിലീസായ വിവരം പങ്കുവച്ചിരിക്കുകയാണ് മക്കൾ
Izha
Published on

കലാഭവൻ നവാസിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഃഖത്തിലാണ് കുടുംബവും സുഹൃത്തുക്കളും. കഴിഞ്ഞ ആഗസ്ത് 1നാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ നവാസിനെ കണ്ടെത്തിയത്. ഷൂട്ടിങ് കഴിഞ്ഞ റൂമിലെത്തിയ നവാസിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഇപ്പോൾ നവാസും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രഹനയും ഒരുമിച്ച് അഭിനയിച്ച 'ഇഴ' എന്ന സിനിമ യുട്യൂബിൽ റിലീസായ വിവരം പങ്കുവച്ചിരിക്കുകയാണ് താരത്തിന്‍റെ മക്കൾ. നവാസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

''പ്രിയരേ, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും "ഇഴ" സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു....വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ്‌ ചെയ്യുമായിരുന്നു. പോസ്റ്റ്‌ ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്. എല്ലാരും സിനിമ കാണണം..'' എന്നാണ് കുറിപ്പിൽ പറയുന്നത്.

നവാഗതനായ സിറാജ് റെസയാണ് ‘ഇഴ’യുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം രഹ്ന നായികയായി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ‘ഇഴ’. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ബിൻഷാദ്, ബി ജി എം ശ്യാം ലാൽ എന്നിവരാണ്.

Related Stories

No stories found.
Times Kerala
timeskerala.com