

കരിയറിൽ വളരെ തിരക്കിലായിരുന്ന സമയത്ത് തനിക്കെതിരെ ആരോ കൂടോത്രം ചെയ്തിരുന്നു എന്ന് നടൻ സുമൻ. കേരളത്തിലെ ചോറ്റാനിക്കര അമ്പലത്തിൽ പോയാണ് അതിനുള്ള പരിഹാരം ചെയ്തതെന്നും സുമൻ പറഞ്ഞു. തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ സുമൻ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
“എനിക്ക് ആരോ കൂടോത്രം ചെയ്തിട്ടുണ്ട്. ആരാണ് ചെയ്തതെന്നറിയില്ല. സിനിമാമേഖലയിൽ മാത്രമല്ല, വ്യാപാരരംഗത്തും തിരിച്ചടികളുണ്ടായി. കൂടോത്രം കേരളത്തിൽ വളരെ പ്രശസ്തമാണ്. ചോറ്റാനിക്കര എന്നൊരു സ്ഥലമുണ്ട്. അവിടെ, ആഭിചാരപ്രയോഗത്തിന് വിധേയരായവർക്കുള്ള പ്രതിവിധി നൽകാറുണ്ട്. കൂടോത്രം പലവിധത്തിലാണ്. ആരാണ് അത് ചെയ്തതെന്നറിയില്ല.”- സുമൻ പറഞ്ഞു.
“ആ സമയത്ത് ഞാൻ തുടരെ തിരിച്ചടികൾ നേരിട്ടു. ആൾക്കാർ പറഞ്ഞു, ചോറ്റാനിക്കരയ്ക്ക് പോകാൻ. അവിടെ പോയി പരിഹാര പൂജ ചെയ്തു. കൂടോത്രം സത്യമാണോ കള്ളമാണോ എന്നറിയില്ല. പക്ഷേ, ആ സമയത്ത് ഞാൻ അത് വിശ്വസിച്ചിരുന്നു. എൻ്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണിത്. ഈ മാസം, ഈ ദിവസം ഇത് സംഭവിക്കും. അല്ലെങ്കിൽ ഇന്നയാൾ കാരണം ചിലത് സംഭവിക്കും എന്നൊക്കെ പറയുന്നത് ശരിയാണ്. എനിക്ക് കർമയിൽ വലിയ വിശ്വാസമാണ്. അതിൽ നിന്ന് ആർക്കും രക്ഷപ്പെടാനാവില്ല.”- താരം കൂട്ടിച്ചേർത്തു.
1978ൽ കരുണൈ ഉള്ളം എന്ന തമിഴ് സിനിമയിലൂടെയാണ് സുമൻ സിനിമാഭിനയം ആരംഭിച്ചത്. 2009ൽ പുറത്തിറങ്ങിയ പഴശ്ശിരാജ എന്ന സിനിമയിലെ പഴയംവീടൻ ചന്തു എന്ന ശ്രദ്ധേയ കഥാപാത്രത്തിലൂടെ മലയാള പ്രേക്ഷകർക്കും സുപരിചിതനാണ്. അക്ഷയ് കുമാറിൻ്റെ വില്ലനായി ഗബ്ബാർ ഈസ് ബാക്ക് (2015) എന്ന ബോളിവുഡ് സിനിമയിലും താരം അഭിനയിച്ചു. 2004ൽ താരം ബിജെപി അംഗത്വമെടുത്തിരുന്നു.