
നടനും സംവിധായകനുമായ ബേസിൽ ജോസഫ് തന്റെ പ്രൊഡക്ഷൻ കമ്പനി ഇന്ന് ലോഞ്ച് ചെയ്തു. ‘ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്’ എന്നാണ് നിർമാണ കമ്പനിയുടെ പേര്. സോഷ്യൽ മീഡിയയിൽ നിർമാണ കമ്പനി പ്രഖ്യാപിച്ചുകൊണ്ടുള്ള ബേസിലിന്റെ പോസ്റ്റിന് താഴെ വന്ന ടൊവിനോയുടെ കമന്റും അതിന് ബേസിൽ നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കഴിഞ്ഞ ദിവസമാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ് സിനിമാ നിർമാണത്തിലേക്കും ചുവടുവയ്ക്കുന്നുവെന്ന വാർത്തവന്നത്. ബേസിൽ തന്നെയാണ് നിർമാണരംഗത്തേക്ക് ഇറങ്ങുന്ന കാര്യം ആരാധകരുമായി പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ നിർമാണക്കമ്പനിയെ പരിചയപ്പെടുത്തി. ബാനറിന്റെ ടൈറ്റിൽ ഗ്രാഫിക്‌സും പുറത്തുവിട്ടിരുന്നു.
"അങ്ങനെ വീണ്ടും. ഇതുവരെ ചെയ്യാത്തൊരു കാര്യം ശ്രമിക്കുന്നു- സിനിമാ നിർമാണം. എങ്ങനെ എന്ന് ഇപ്പോഴും പഠിച്ചുവരുന്നതേയുള്ളൂ. എന്നാൽ, കഥകൾ കൂടുതൽ നന്നായി, ധൈര്യപൂർവ്വം, പുതിയ രീതികളിൽ പറയണം എന്നതുമാത്രമാണ് എനിക്ക് അറിയാവുന്ന ഒരുകാര്യം. എവിടെവരെ പോകുമെന്ന് നോക്കാം. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിലേക്ക് സ്വാഗതം." - ബേസിൽ പോസ്റ്റിൽ കുറിച്ചു. ഈ കുറിപ്പിന് താഴെ വന്ന ടൊവിനോയുടെ കമന്റും അതിന് ബേസിൽ നൽകിയ മറുപടിയുമാണ് ചർച്ചയാകുന്നത്.
"അഭിനന്ദനങ്ങൾ, അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷൻ ഞാൻ അല്ലെ നായകൻ?’, എന്നാണ് ടൊവിനോയുടെ കമന്റ്. ഉടൻ മറുപടിയുമായി ബേസിലുമെത്തി. ‘ആദ്യത്തെ പടത്തിൽ ഞാൻ തന്നെ നായകൻ. നിന്നെ വേണേൽ വില്ലൻ ആക്കാം’ എന്നാണ് ബേസിലിന്റെ മറുപടി. ടൊവിനോയും ഉടനെ ബേസിലിന് മറുപടി നൽകിയിട്ടുണ്ട്. ‘ഇടി പടം ആണോ? നിന്നെ നല്ല ഇടി ഇടിക്കാൻ അവസരം ഉണ്ടെങ്കിൽ വില്ലൻ ആവാനും മടിക്കില്ല ഞാൻ’ എന്നാണ് ടൊവിനോ പറയുന്നത്.
ഇതോടെ ഇരുവരുടെയും സംഭാഷണങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരങ്ങളുടെ കമന്റുകൾ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ബേസിൽ പോസ്റ്റ് ചെയ്ത ഉടൻ ടൊവിനോയുടെ കമന്റിനായി കാത്തിരിക്കുന്നു എന്ന് കുറിച്ചവർ വരെ ഉണ്ടായിരുന്നു.