

2006ൽ എസ് എൻ സ്വാമി തിരക്കഥയൊരുക്കി ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'ബാബ കല്യാണി'. ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ഡൽഹി ചെങ്കോട്ടയിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനവുമായി ചില ബന്ധങ്ങളുണ്ട്.
സ്ഫോടകവസ്തുക്കൾ നിറച്ച കാറാണ് ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പൊട്ടിത്തെറിച്ചത്. ബാബ കല്യാണി എന്ന സിനിമയിൽ തീവ്രവാദികൾ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള കാറുകളാണ്. ആളുകൾ തിങ്ങിനിറഞ്ഞ, തീർത്ഥാടന കേന്ദ്രമായ പഴനിയാണ് സിനിമയിൽ തീവ്രവാദികളുടെ ലക്ഷ്യം. എന്നാൽ, ഡൽഹിയിൽ ആളുകൾ തിങ്ങിനിറഞ്ഞ തെരുവിലായിരുന്നു സ്ഫോടനം. സിനിമയിലെ തീവ്രവാദിയായ സഹീർ ഒരു കോളജ് പ്രൊഫസർ ആയിരുന്നു. ഡൽഹി സ്ഫോടനത്തിൻ്റെ സൂത്രധാരനായി പ്രവർത്തിച്ച ഉമർ ഒരു ഡോക്ടറുമാണ്.
പലരും പറഞ്ഞപ്പോഴാണ് താൻ ഈ സാമ്യം ശ്രദ്ധിച്ചതെന്ന് എസ്എൻ സ്വാമി പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. എല്ലാം യാദൃശ്ചികമാണ്. പത്തിരുപത് വർഷം മുൻപാണ് ഈ കഥ താൻ എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയയം, ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് തിരഞ്ഞിരുന്ന ചുവന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് കാര്‍ ഫരീദാബാദില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഡല്‍ഹി സ്‌ഫോടനത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇത്. DL10 CK 0458 എന്നതാണ് വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ. കാർ പിടിച്ചെടുത്ത പോലീസ് ഇത് ഫോറൻസിക് പരിശോധനയ്ക്കായി അന്വേഷണ ഏജൻസിക്ക് കൈമാറി.