
പത്ത് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ് ജെ സൂര്യ വീണ്ടും സംവിധാന രംഗത്തേക്ക്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. ‘കില്ലർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകുകയാണ്.
വാലി, ഖുഷി,ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് ജെ സൂര്യ ഇത്തവണ വൻ താരനിരയെ അണിനിരത്തിയാണ് “കില്ലർ” ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.