പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'അധീര', എസ് ജെ സൂര്യയുടെ കാരക്ടർ പോസ്റ്റർ പുറത്ത് | Adheera

കാളയെപ്പോലുള്ള കൊമ്പുകളുമായി ഉഗ്രരൂപത്തിൽ നിൽക്കുന്ന എസ് ജെ സൂര്യയെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്
Adheera
Published on

തെലുങ്കിലെ സൂപ്പർ ഹീറോ യൂണിവേഴ്‌സായ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ സൂപ്പർ ഹീറോ ചിത്രം 'അധീര'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ആർകെഡി സ്റ്റുഡിയോസുമായി കൈകോർത്ത് പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന ഈ പുതിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിലെ എസ്. ജെ. സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. കല്യാണി ദസാരി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ എസ് ജെ സൂര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആർകെഡി സ്റ്റുഡിയോസിന്റെ ബാനറിൽ റിവാസ് രമേഷ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരൺ കോപ്പിസേട്ടിയാണ്. തെലുങ്കിൽ ആദ്യത്തെ സോമ്പി ചിത്രവും, ആദ്യത്തെ ഒറിജിനൽ സൂപ്പർ ഹീറോ ചിത്രമായ ഹനുമാനും അവതരിപ്പിച്ച പ്രശാന്ത് വർമ്മ ഇതിലൂടെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

കാളയെപ്പോലുള്ള കൊമ്പുകളുമായി ഉഗ്ര രൂപത്തിൽ നിൽക്കുന്ന എസ് ജെ സൂര്യയെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്ററിന്റെ പശ്‌ചാത്തലത്തിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതും ഉരുകിയ ലാവ കട്ടിയുള്ള ചാരമായി ആകാശത്തെ മൂടുന്നതും കാണാം. ക്രൂരനായ ഒരു രാക്ഷസന്റെ പ്രഭയെ ഉൾക്കൊള്ളുന്ന വേഷവിധാനത്തിലാണ് എസ് ജെ സൂര്യയെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഈ കഥാപാത്രത്തിന്റെ മുന്നിൽ, കല്യാൺ ദാസരി അചഞ്ചലമായ ദൃഢനിശ്ചയത്തോടെ മുട്ടുകുത്തി, കണ്ണുകളിൽ ജ്വലിക്കുന്ന നിശ്ചയദാർഢ്യത്തോടെ മുകളിലേക്ക് നോക്കി നിൽക്കുന്നതും കാണാം. യുദ്ധത്തിന് തയ്യാറായ രീതിയിൽ പടച്ചട്ട ധരിച്ച അദ്ദേഹം ഒരു യഥാർത്ഥ സൂപ്പർഹീറോയുടെ പ്രഭ പ്രകടിപ്പിച്ചു കൊണ്ട് അധീര എന്ന പേരിനെ അന്വർത്ഥമാക്കുന്നു. നായകൻ അധീരയും ശക്തനായ രാക്ഷസനും തമ്മിലുള്ള ഒരു ഇതിഹാസ ഏറ്റുമുട്ടലിനെയാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ ഇതിഹാസങ്ങളുടെ സത്തയിൽ വേരൂന്നിയതും എന്നാൽ ആധുനിക സിനിമാ വൈദഗ്ദ്ധ്യം നിറഞ്ഞതുമായ അധീര പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ബ്രഹ്മാണ്ഡ കാഴ്ചപ്പാടാണ് മുന്നോട്ടു കൊണ്ട് പോകുന്നത്. ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. പ്രതീക്ഷയും ഇരുട്ടും തമ്മിലുള്ള മഹത്തായ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന ചിത്രത്തിൽ, ധർമ്മത്തെ നാശത്തിൽ നിന്ന് സംരക്ഷിക്കാൻ പോരാടുന്ന നീതിയുടെ വൈദ്യുതശക്തിയായാണ് കല്യാൺ ദസാരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗംഭീര ആക്ഷൻ രംഗങ്ങൾ, അതിശയകരമായ ദൃശ്യങ്ങൾ, നാടകീയമായ മുഹൂർത്തർത്തങ്ങൾ എന്നിവ നിറഞ്ഞ ഇടിമുഴക്കം പോലൊരു സിനിമാനുഭവമാണ് അധീര സമ്മാനിക്കാനൊരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും പിന്നീട് വെളിപ്പെടുത്തും.

ഛായാഗ്രഹണം- ശിവേന്ദ്ര ദാസരധി, സംഗീത സംവിധായകൻ- ശ്രീ ചരൺ പാകാല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, കോസ്റ്റ്യൂം ഡിസൈനർ- ലങ്ക സന്തോഷി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർള, സോഷ്യൽ മീഡിയ & പിആർ- മാത്ത് , ഹാഷ്ടാഗ് മീഡിയ.

Related Stories

No stories found.
Times Kerala
timeskerala.com