
ഒരു പതിറ്റാണ്ടിനുശേഷം സൂപ്പർതാരം എസ് ജെ സൂര്യ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കില്ലർ'. ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ റഹ്മാൻ ആണ്. എസ്.ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ്.ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്.
ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ ആദ്യമായാണ് എ.ആർ റഹ്മാൻ സംഗീത സംവിധായകനായി എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. 'കില്ലർ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്‌സ്: വി.സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി
ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം 5 ഭാഷകളിലാണ് റിലീസിനെത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന കില്ലറിൽ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.
പാൻ ഇന്ത്യൻ ചിത്രം 'കില്ലർ' കൂടാതെ, മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പൻ', ജയസൂര്യ നായകനാകുന്ന 'കത്തനാർ', ദിലീപ് നായകനാകുന്ന 'ഭ.ഭ.ബ' തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്.