

സ്വിമ്മിങ് പൂളിൽ സാധകം ചെയ്ത് ഗായകരായ ബിന്നി കൃഷ്ണകുമാറും ഭർത്താവ് കൃഷ്ണകുമാറും. 'വെള്ളം കിട്ടുന്ന അവസരത്തിൽ വെള്ളത്തിൽ നിന്ന് സാധകം ചെയ്യണം' എന്നും ഗായിക പറയുന്നുണ്ട്. രസകരമായ വിഡിയോയ്ക്ക് വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്. മധു ബാലകൃഷ്ണൻ, അമൃത സുരേഷ്, ഗായത്രി അശോകൻ, ശിവാംഗി തുടങ്ങി നിരവധി ഗായകരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.
കൃഷ്ണകുമാർ പാടുന്ന സ്വരങ്ങൾ ബിന്നി അതുപോലെ ആവർത്തിച്ച് പരസ്പരം മത്സരിച്ചാണ് സ്വിമ്മിങ് പൂളിലെ ഇരുവരുടെയും പ്രകടനം. "വെള്ളം ശബ്ദത്തെ പ്രതിഫലിപ്പിക്കില്ല. അതുകൊണ്ട് തന്നെ ശബ്ദത്തിന്റെ ബേസിക് വോളിയം വർധിപ്പിക്കാൻ വെള്ളത്തിൽ നിന്നു സാധകം ചെയ്യുന്നത് വഴി സഹായിക്കും. മൈക്രോ ഫോണോ സ്പീക്കറോ ഇല്ലാതെ തന്നെ ആളുകളിലേക്ക് ശബ്ദം എത്തിക്കാൻ ഈ പരിശീലനത്തിലൂടെ സാധിക്കും." - ബിന്നി കൃഷ്ണകുമാർ പറഞ്ഞു.
പ്രമുഖ ചലച്ചിത്രപിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമാണ് ബിന്നി കൃഷ്ണകുമാർ. രജനീകാന്ത് നായകനായ ‘ചന്ദ്രമുഖി’ എന്ന സിനിമയ്ക്കുവേണ്ടി വിദ്യാസാഗർ സംഗീതം നൽകിയ ‘രാ രാ സരസക്കു രാ രാ’ എന്ന ഗാനത്തിലൂടെയാണ് ബിന്നി ജനശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി സിനിമകള്‍ക്കുവേണ്ടി ബിന്നി പാടിയിട്ടുണ്ട്. ബിന്നിയുടെ ഭർത്താവ് കൃഷ്ണകുമാറും ഗായകനാണ്. ഇരുവരും കലോത്സവങ്ങളിൽ ഒന്നാം സമ്മാനം നേടുകയും അങ്ങനെ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.