പുതിയ ബാൻഡ് പ്രഖ്യാപിച്ച് ഗായകൻ മധു ബാലകൃഷ്ണൻ. ‘ദ പർപ്പിൾ ബാൻഡ്’ എന്ന പേരിലാണ് പുതിയ ബാൻഡ് പുറത്തിറക്കിയത്. ബാൻഡിന്റെ ലോഗോ മുൻ ക്രിക്കറ്റ് താരവും മധു ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനുമായ ശ്രീശാന്ത് പ്രകാശനം ചെയ്തു. ഭാവിയിലെ ഏറ്റവും നല്ല ബാൻഡായി ‘ദ പർപ്പിൾ ബാൻഡ്’ മാറുമെന്ന് പ്രകാശന വേളയിൽ ശ്രീശാന്ത് പറഞ്ഞു.
‘ദ പർപ്പിൾ ബാൻഡ്’ എന്ന പേരിൽ പുതിയ വെബ്സൈറ്റ് ഉടൻ പുറത്തിറക്കുമെന്നും ശ്രീശാന്ത് അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ബാൻഡ് പ്രഖ്യാപനം നടത്തിയത്. ആരൊക്കെയാണ് ബാൻഡ് അംഗങ്ങൾ എന്ന് വ്യക്തമാക്കിയിട്ടില്ല. നിരവധിപേർ ബാൻഡിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകരിലൊരാളാണ് മധു ബാലകൃഷ്ണൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ‘ഉദയപുരം സുൽത്താൻ’ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്കെത്തിയ മധു ബാലകൃഷ്ണൻ 2002ൽ ‘വാൽക്കണ്ണാടി’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു.