
മകൾ അനുപല്ലവിക്കൊപ്പം പാട്ടുപാടുന്ന വിഡിയോ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. ‘ഭ്രമരം’ എന്ന സിനിമയിലെ ‘കുഴലൂതും പൂന്തെന്നലേ’എന്ന ഗാനമാണ് ഇരുവരും ചേർന്ന് പാടുന്നത്. ഒരു മിനിറ്റിൽ താഴെയുള്ള വിഡിയോ വലിയ ജനശ്രദ്ധ നേടുന്നുണ്ട്. പ്രത്യേകതയുള്ള ശബ്ദമാണ് അനുപല്ലവിയുടേതെന്നാണ് ആരാധകർ പറയുന്നത്. ‘എന്തൊരു രസമാണ്’, ‘മനോഹരം’, ‘നല്ല ഭംഗിയുണ്ട്’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.
നേരത്തേയും മകൾക്കൊപ്പം പാട്ടുപാടുന്ന വിഡിയോ വേണുഗോപാൽ പങ്കുവച്ചിട്ടുണ്ട്. ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷത്തിന്റെ ഭാഗമായി ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ’ എന്ന ഹിറ്റ് ഗാനം ഇരുവരും ചേർന്ന് പാടിയ വിഡിയോ വൈറലായിരുന്നു. 'എന്നെ കരുണയില്ലാതെ വിമർശിക്കാനും ഉപദേശിക്കാനും ലാഭേശ്ചയില്ലാതെ സ്നേഹിക്കാനും മൂന്ന് പെണ്ണുങ്ങളുണ്ട്. എന്റെ അമ്മ, ഭാര്യ, മകൾ. ഇക്കൂട്ടത്തിൽ കൊഞ്ചാനും കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ. അമ്മുവും ഞാനും അമ്മൂന്റെ യൂക്കലേലയും' എന്ന് കുറിച്ചുകൊണ്ടാണ് വേണുഗോപാൽ അന്ന് വിഡിയോ പങ്കുവച്ചത്.
ജി.വേണുഗോപാലിന്റെ മകൻ അരവിന്ദും ഗായകനാണ്. നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. മകനൊപ്പം പാട്ടുപാടുന്ന വിഡിയോയും ജി.വേണുഗോപാൽ പങ്കുവച്ചിട്ടുണ്ട്.