
സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്ത സിനിമയാണ് 'പരം സുന്ദരി'. റിലീസിന് മുന്നേ തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനുമെതിരെ ട്രോളുകളും ഉയർന്നിരുന്നു. തിയേറ്ററിൽ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച നേട്ടവും ലഭിച്ചില്ല. ഇപ്പോൾ സിനിമയുടെ ഒടിടി റീലീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ആഗസ്റ്റ് 29ന് റിലീസ് ചെയ്‍ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 24ന് സ്‍ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. ട്രെയ്‌ലറിൽ ജാൻവി സ്വന്തം പേര് പറയുന്ന ഡയലോഗുകൾ വ്യക്തമല്ലെന്നും ഒരു മലയാളിയായി നടിയെ സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നുമാണ് കമന്റുകൾ. ചെന്നൈ എക്സ്പ്രസിലെ മീനമ്മയ്ക്കും കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാകും ഈ സിനിമയിലെ ജാൻവിയുടെ സുന്ദരി എന്നാണ് മറ്റൊരു വിഭാഗം എക്സിൽ കുറിച്ചത്.
കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർത്ഥിന്റെയും ജാൻവിയുടെയും ചിത്രങ്ങൾ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ സിനിമയ്ക്കായി സംഗീതം ഒരുക്കിയത് സച്ചിൻ ജിഗർ ആണ്.