
‘നരിവേട്ട’യിലെ 'മിന്നൽവള' എന്ന ഗാനം ലൈവായി പാടിയ സിദ്ധ് ശ്രീറാമിന്റെ പോസ്റ്റിലെ കമന്റ് വൈറലാകുന്നു. ‘ഒറിജിനലിനെ വെല്ലുന്ന വോയ്സ്’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കമന്റിട്ടയാൾ സത്യം അറിയാതെ കമന്റ് ചെയ്തതാണോ ‘സർക്കാസം’ അടിച്ചതാണോ എന്ന സംശയത്തിലാണ് മറ്റുള്ളവർ. ‘മിന്നൽവള’ എന്ന പാട്ട് സിനിമയിൽ പാടിയതും സിദ്ധ് തന്നെയാണെന്ന് പലരും കമന്റിട്ടയാൾക്ക് മറുപടി നൽകിയിട്ടുമുണ്ട്. 'ആളെ മനസ്സിലാവാതെയാണല്ലേ കമന്റ് ചെയ്തിരിക്കുന്നത്' എന്നു ചോദിച്ചവരും കൂട്ടത്തിലുണ്ട്.
‘നരിവേട്ട’യിലെ ‘മിന്നല്‍വള’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായതിന്റെ സന്തോഷം പങ്കുവക്കുകയായിരുന്നു ഗായകൻ സിദ്ധ് ശ്രീറാം. കൈതപ്രം എഴുതി ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന്, സിതാരയോടൊപ്പം പാടിയ അനുരാജ് മനോഹറിന്റെ ‘നരിവേട്ട’യിലെ പാട്ട് എന്ന് കുറിച്ചുകൊണ്ടാണ് സിദ്ധ് ശ്രീറാം വിഡിയോ പങ്കുവച്ചത്. ഈ ഗാനത്തെ ഊഷ്മളതയോടെ വരവേറ്റ ഓരോരുത്തര്‍ക്കും സിദ്ധ് സ്നേഹം അറിയിച്ചു. വിഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിട്ടുള്ളത്.
ടൊവീനോ തോമസ്, സിത്താര കൃഷ്ണകുമാർ, കൈതപ്രം എന്നിവരടക്കം നിരവധിപേരാണ് വീഡിയോക്ക് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മിന്നല്‍വള എന്ന പ്രണയഗാനം പുറത്തുവിട്ടിരുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന് അബിന്‍ ജോസഫാണ് തിരക്കഥ രചിച്ചത്. പ്രശസ്ത തമിഴ് നടന്‍ ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം പൊളിറ്റിക്കല്‍ ഡ്രാമയാണ്.