
ആഗോളവേദിയില്‍ ഇന്ത്യ അഭിമാന നേട്ടം സ്വന്തമാക്കിയ വര്‍ഷമാണ് 1994. ഐശ്വര്യ റായ് മിസ് വേൾഡും, സുഷ്മിത സെൻ മിസ് യൂണിവേഴ്‌സ് പട്ടവും നേടിയ വർഷമാണ്. അന്ന് ഇവർക്കൊപ്പം മിസ് ഇന്ത്യ മത്സരത്തിൽ മലയാളിയായ ശ്വേത മേനോനും പങ്കെടുത്തിരുന്നുവെന്ന വിവരം പലർക്കുമറിയില്ല. ഇപ്പോൾ മിസ് ഇന്ത്യ മത്സരത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി ശ്വേതാ മേനോൻ. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2025ല്‍ സംസാരിക്കുകയായിരുന്നു നടി.
"ഒരു ദിവസം താൻ സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയപ്പോഴാണ് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനായി കോയമ്പത്തൂരിൽ നിന്ന് ഒരു കത്ത് വന്നിട്ടുണ്ടെന്ന് അച്ഛൻ പറയുന്നത്. അച്ഛനോട് പറയാതെ അപേക്ഷ അയച്ചതിൽ നീരസം ഉണ്ടായിരുന്നെങ്കിലും മത്സരത്തിൽ പങ്കെടുക്കാൻ അച്ഛൻ അനുമതി നൽകി. തന്നെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയതും അച്ഛൻ തന്നെയായിരുന്നു. മത്സരത്തിൽ തനിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. തന്റെ ചിത്രങ്ങൾ കേരളത്തിലെ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. രണ്ടാം സ്ഥാനം നേടിയ തനിക്ക് ഫൈനലിൽ പങ്കെടുക്കാൻ യോഗ്യത ഉണ്ടായിരുന്നെങ്കിലും പ്രായം 18 വയസിന് താഴെ ആയിരുന്നതിനാൽ അനുമതി ലഭിച്ചില്ല. 'മിസ് യങ്ങ് ഇന്ത്യ' എന്ന ടൈറ്റിലാണ് തനിക്ക് ലഭിച്ചത്." - ശ്വേത മേനോൻ പറയുന്നു.
മിസ് ഇന്ത്യ കാലത്ത് താൻ ഐശ്വര്യ റായിയുടെ റൂംമേറ്റ് ആയിരുന്നുവെന്നും ശ്വേത പറയുന്നു. "അന്ന് കിരീടം നേടിയത് സുസ്മിത സെൻ ആയിരുന്നു. രണ്ടാം സ്ഥാനത്തായിരുന്നു ഐശ്വര്യ റായ്. മൂന്നാം സ്ഥാനത്ത് ഫ്രാൻസെസ്‌ക ഹാർട്ടും നാലാം സ്ഥാനത്ത് താനുമായിരുന്നു. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ചു. ഇതേ വർഷം തന്നെ ഐശ്വര്യ മിസ്സ് വേൾഡ് മത്സരത്തിലും വിജയിച്ചു. രണ്ടു പദവികളും ഒരുമിച്ച് ഇന്ത്യയെ തേടിയെത്തുന്നത് അതാദ്യമായിരുന്നു." - ശ്വേതാ മേനോൻ പറഞ്ഞു.
താൻ മിസ് ഇന്ത്യ- ഏഷ്യ പസഫിക്കിൽ മത്സരിക്കാൻ പോയെന്നും, ആരുടേയും പിന്തുണ ഇല്ലാതെ മൂന്നാം റണ്ണറപ്പാകാൻ തനിക്ക് കഴിഞ്ഞുവെന്നും നടി കൂട്ടിച്ചേർത്തു. തങ്ങൾക്ക് അന്ന് ഉണ്ടായിരുന്ന ആവേശം ഇപ്പോൾ എല്ലാവരിലും തന്റെ മകളിലും കാണാൻ കഴിയുന്നുണ്ട്. ഇന്ന് എല്ലാവരും ഒരു മോഡലാണെന്നാണ് താൻ കരുതുന്നതെന്നും ശ്വേത പറഞ്ഞു.