ശ്രുതി ഹാസന്റെ ഹൈവോൾട്ടേജ് ഗാനം; രാജമൗലി ചിത്രത്തിലെ ആദ്യഗാനമെത്തി | Shruti Haasan

കീരവാണി ഇത്തവണയും ഓസ്കർ നേടുമെന്ന് ആരാധകർ, ശ്രുതി ഹാസന്റെ ശബ്ദത്തിനും വലിയ പ്രശംസ.
Shruti Haasan
Published on

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന ‘എസ്എസ്എംബി29’ എന്ന സിനിമയിലെ ആദ്യഗാനം പുറത്ത്. ശ്രുതി ഹാസൻ ആലപിച്ച ‘ഗ്ലോബ്ട്രോട്ടർ’ എന്ന ഗാനമാണ് പുറത്തുവന്നിട്ടുള്ളത്. ചൈതന്യ പ്രസാദിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം.കീരവാണിയാണ്.

ഈ മാസം 15-ന് നടക്കുന്ന ലോഞ്ച് ചടങ്ങിന് മുന്നോടിയായാണ് ഗാനം പുറത്തുവിട്ടത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വലിയ ആരാധക ശ്രദ്ധയാണ് ഗാനത്തിന് ലഭിക്കുന്നത്. ശ്രുതി ഹാസന്റെ ശബ്ദത്തിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. രോമാഞ്ചം ഉണ്ടാക്കുന്ന ഗാനമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ട്രെൻഡിങ്ങിലാണ് ഗാനം ഇപ്പോൾ. കീരവാണി ഇത്തവണയും ഓസ്കാർ നേടുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ‘എസ്എസ്എംബി29’ നായി മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. കുംഭ എന്ന വില്ലനെ ആണ് സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 2028-ലായിരിക്കും സിനിമ റിലീസിനെത്തുക. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂൾ നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com