
ലോകേഷ് കനകരാജ്-രജനീകാന്ത് ചിത്രം 'കൂലി'യുടെ റിലീസിന് ഇനി ഏതാനും ആഴ്ചകൾ മാത്രമേ ഉള്ളൂ. ചിത്രത്തിൽ നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ പ്രമോഷനുകളുടെ ഭാഗമായി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, നടിയും ഗായികയുമായ ശ്രുതി ഹാസൻ കൂലിയെക്കുറിച്ച് വലിയ അപ്ഡേറ്റാണ് നൽകിയത്.
ചിത്രത്തിലെ നായികയായ ശ്രുതി ഹാസൻ ആദ്യമായാണ് രജനീകാന്തിനും നാഗാർജുനക്കും ഒപ്പം അഭിനയിക്കുന്നത്. നാഗാർജുനയുടെ കൂലിയിലെ വേഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി. "അദ്ദേഹത്തെ എനിക്ക് അറിയാമായിരുന്നു. പക്ഷേ, ഇതിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് വളരെ പ്രത്യേകതയുള്ളതാണ്. കാരണം ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ നെഗറ്റീവ് റോളാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ ഒരു സൂപ്പർ ആരാധികയാണ്." -ശ്രുതി പറഞ്ഞു.