
മലയാള സിനിമ താരസംഘടനയായ അമ്മയിൽ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ചു കൊണ്ടാണ് വനിതകൾ തലപ്പത്തേക്ക് എത്തുന്നത്. ‘അമ്മ’യുടെ പ്രസിഡന്റായി നടി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് പുതിയ ജനറൽ സെക്രട്ടറി. ഇതിനു പിന്നാലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് സിനിമാ ലോകത്തു നിന്നും പുറത്തു നിന്നുമെല്ലാം നിരവധി പേരെത്തി.
ഇതിനിടെ, നടന്‍ കൊല്ലം തുളസി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്. "ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്? പെണ്ണുങ്ങള്‍ എപ്പോഴും ആണുങ്ങളുടെ താഴെയിരിക്കേണ്ടവരാണ്" എന്നാണ് കൊല്ലം തുളസിയുടെ വാക്കുകൾ. അമ്മയുടെ തെരഞ്ഞെടുപ്പിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമത്തിനോട് സംസാരിക്കവെയായിരുന്നു കൊല്ലം തുളസിയുടെ പ്രതികരണം.
"പെണ്ണുങ്ങൾ ഭരിക്കുമെന്ന് അവൻ പറയുന്നു. തങ്ങൾ ഭരിക്കുമെന്ന് ആണുങ്ങള്‍ അവകാശപ്പെടുന്നു. ഏതാണ് നടക്കുന്നതെന്ന് കണ്ടറിയണം. ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്? പെണ്ണുങ്ങള്‍ എപ്പോഴും നമ്മുടെ താഴെയിരിക്കണം. പുരുഷന്മാര്‍ എപ്പോഴും പെണ്ണുങ്ങളുടെ മുകളിലായിരിക്കണം.”- എന്നാണ് കൊല്ലം തുളസി പറയുന്നത്. എന്നാൽ വീഡിയോയുടെ അവസാനം താൻ വെറുതെ പറഞ്ഞതാണെന്നും കൊല്ലം തുളസി പറയുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് കൊല്ലം തുളസിയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്.
വാശീയേറിയ തിരഞ്ഞെടുപ്പിൽ 17 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുതിർന്ന താരം ദേവനെ പരാജയപ്പെടുത്തി ശ്വേത പ്രസിഡണ്ടായത്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 57 വോട്ടുകൾക്കാണ് കുക്കു പരമേശ്വരൻ വിജയിച്ചത്. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ് എന്നിവരാണ് എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.