
തമിഴ് നടൻ കതിർ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘മീശ’. ആഗസ്റ്റ് ഒന്നിന് തീയേറ്ററുകളിൽ എത്തിയ ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചെങ്കിലും ബോക്സ് ഓഫീസിൽ നേട്ടം കൊയ്യാനായില്ല. ഇപ്പോൾ ‘മീശ’ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് തുടങ്ങിയത്. സെപ്റ്റംബർ 12 മുതൽ ചിത്രം മനോരമ മാക്‌സിൽ ലഭ്യമാണ്.
വനത്തിന്റെ നിഗൂഢത പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രത്തിൽ ദീർഘനാളുകൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന ഒരുകൂട്ടം സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവമാണ് അവതരിപ്പിക്കുന്നത്. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ചിത്രം നിർമിച്ചത്.
കതിർ, ഷൈൻ ടോം ചാക്കോ എന്നിവർക്ക് പുറമെ ഹക്കീം, ഉണ്ണി ലാലു, സുധി കോപ്പ, ജിയോ ബേബി, ഹസ്‌ലീ, നിതിൻ രാജ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ്. മനോജാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. സൂരജ് എസ് കുറിപ്പാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ‘സരിഗമ മലയാള’ത്തിനാണ്.