കമൽ ഹാസൻ -മണിരത്നം ചിത്രം ‘തഗ് ലൈഫി’ലെ 'ജിങ്കുച്ചാ' എന്ന ഗാനത്തിന് ചുവടുവച്ച് ശിൽപ ബാല. പാട്ടിലേതു പോലെ വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ഡാൻസ് നടക്കുന്നത്. അഭിഷേക് ഉദയകുമാറിനും കല്യാണി പണിക്കറിനുമൊപ്പമാണ് ശിൽപ ബാല വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. എ.ആർ.റഹ്മാനുള്ള സമർപ്പണമായാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
"എ.ആർ.റഹ്മാന്റെ പാട്ടുകൾ പുറത്തുവരുന്ന സമയത്തൊക്കെ എന്റേതായ രീതിയിൽ അത് ആഘോഷിക്കണമെന്ന് തോന്നാറുണ്ട്. പക്ഷേ പലപ്പോഴും അതിനു കഴിയാറില്ല. ‘ജിങ്കുച്ച’ ഇറങ്ങിയപ്പോൾ രണ്ടാമതൊന്നു ചിന്തിക്കാതെ അഭിഷേക് ഉദയകുമാറിനെ വിളിച്ചു ചോദിച്ചു. ചെയ്യാൻ തയാറാണെന്നു പറഞ്ഞു. എ.ആർ.റഹ്മാൻ-മണിരത്നം കോംപോയിൽ പിറന്ന ‘യാരോ യാരോടി’ എന്ന പാട്ട് കല്യാണ പാട്ടുകളുടെ പ്ലേലിസ്റ്റിലുള്ള ഒരു ഫാൻ ഗേളിന്റെ സമർപ്പണമാണ് ഈ 60 സെക്കന്റ് വിഡിയോ. ‘ജിങ്കുച്ച’യും അതേ സന്തോഷമാണ് തരുന്നത്." - ശിൽപ ബാല കുറിച്ചു.
ഡാൻസ് വിഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ‘സിനിമാ ഷോട്ട് പോലെയുണ്ട്’ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ‘ദൃശ്യവിരുന്ന്’, ‘പൊളിച്ചു’, ‘അടിപൊളി’, ‘എന്താ എനർജി’, എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ. ‘എന്റെ കല്യാണത്തിനുള്ള ഡാൻസ് കൊറിയോഗ്രഫറെ കിട്ടി’ എന്ന കമന്റുമായി ആര്യ ബഡായിയും എത്തിയിട്ടുണ്ട്. ‘ഇതേ വൈബ്, ഇതേ എനർജി, ഇതേ ശിൽപ ബാല വേണം’ എന്നാണ് ആര്യ കമന്റ് ചെയ്തിരിക്കുന്നത്. വരാം എന്ന് ശിൽപ ബാല മറുപടി നൽകിയിട്ടുമുണ്ട്.