
മലയാളികളുടെ പ്രിയ നടൻ മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്കെത്തുന്ന എന്നതാണ് സമൂഹ മാധ്യമങ്ങളിലും മറ്റും ഇപ്പോൾ ഏറെ ചർച്ച വിഷയമാകുന്നത്. ‘2018’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്‌മയ മോഹൻലാൽ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. മകൾ വിസ്മയയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
അഭിനയിക്കണമെന്ന ആഗ്രഹം വിസ്മയ പങ്കുവെച്ച സമയത്താണ് ജൂഡ് ആന്റണിയുടെ കഥ കേട്ട് ഇഷ്ടമാകുന്നതെന്ന് മോഹൻലാൽ പറയുന്നു. മാർഷ്യൽ ആർട്‌സ്, ചിത്രരചന തുടങ്ങി ഒരുപാട് കാര്യങ്ങൾ പഠിച്ചയാളാണ് വിസ്മയയെന്നും നടൻ പറയുന്നു. തന്റെ മക്കൾ വലിയ അഭിനേതാക്കളാകണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും ഇതെല്ലാമൊരു ഭാഗ്യമാണെന്നും നടൻ കൂട്ടിച്ചേർത്തു. ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
വിസ്മയ ആക്ടിങ് സ്‌കൂളിലൊക്കെ പഠിച്ചയാളാണെന്നാണ് മോഹൻലാൽ പറയുന്നത്. "സിനിമയിൽ അഭിനയിക്കണമെന്ന് അവരൊരു താത്പര്യം പ്രകടിപ്പിച്ചു. തുടർച്ചയായി സിനിമകൾ ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. 'ഒരു സിനിമ ചെയ്യണം' എന്ന ആഗ്രഹമേ പറഞ്ഞിട്ടുള്ളൂ. പ്രണവ് സിനിമയിൽ അഭിനയിച്ചത് കൊണ്ടായിരിക്കാം വിസ്മയയ്ക്കും അങ്ങനെ തോന്നിയത്." - മോഹൻലാൽ പറയുന്നു.
" ‘എനിക്കും സിനിമ ചെയ്യാൻ സമയമായി, ഞാൻ തയ്യാറാണ്’ എന്ന് വിസ്മയ പറഞ്ഞപ്പോഴാണ് ഈ സിനിമ ഉണ്ടായത്. ജൂഡ് ആന്റണിയുടെ ഒരു കഥ ഇവർക്ക് വളരെ ചേരുന്നതായി തോന്നി. മാർഷ്യൽ ആർട്‌സുമായി ബന്ധമുള്ള ഒരു കഥയാണ്. ആ കഥ ഞങ്ങൾ കേട്ടപ്പോൾ ഈ സിനിമയുണ്ടായി. പ്രണവും അങ്ങനെയായിരുന്നു. സ്‌കൂളിലെ ബെസ്റ്റ് ആക്ടറൊക്കെയായിരുന്നു. പക്ഷേ, അഭിനയത്തോട് വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. ഒരുഘട്ടം വന്നപ്പോൾ സിനിമയിൽ അഭിനയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു." - മോഹൻലാൽ പറഞ്ഞു.
"ഒരാൾ സിനിമയിലെത്തിയെന്ന് കരുതി അയാളുടെ മകനോ, മകളോ സിനിമയിൽ എത്തണമെന്ന് നിർബന്ധമില്ല. സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസും മറ്റ് സൗകര്യങ്ങളുമെല്ലാം ഉള്ളതുകൊണ്ടാണ് തങ്ങൾക്ക് അവർക്കായി സിനിമ ചെയ്തു കൊടുക്കാൻ സാധിക്കുന്നത്. മോഹൻലാലിന്റെ മകളായതുകൊണ്ട് മാത്രം അവർക്ക് നാളെ ഒരു സിനിമ കിട്ടില്ല. അവർ സ്വയം തെളിയിക്കേണ്ടതുണ്ട്."- അദ്ദേഹം കൂട്ടിച്ചേർത്തു.
അവർ ആവേശത്തിലാണോ എന്ന കാര്യമൊന്നും തനിക്കറിയില്ലെന്നും അങ്ങനെയായിരിക്കുമെന്ന് കരുതുന്നുവെന്നും മോഹൻലാൽ പറഞ്ഞു. "നമ്മുടെ കുടുംബമെല്ലാം സിനിമയുമായി അടുത്ത ബന്ധമുള്ളവരാണ്. ഭാര്യയുടെ കുടുംബമൊക്കെ സിനിമയുമായി ബന്ധപ്പെട്ടവരായതുകൊണ്ട് അതിലെ ആവേശം എനിക്കത്ര അറിയില്ല. നന്നായി ചെയ്താൽ അവർക്ക് കൊള്ളാം. തന്റെ മകനും മകളും വലിയ അഭിനേതാക്കളാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഇതെല്ലാമൊരു ഭാഗ്യമാണ്." - മോഹൻലാൽ പറഞ്ഞു.