
‘ലോക’ സിനിമയുടെ വിജയത്തിൽ മാതാപിതാക്കൾക്ക് നന്ദി അറിയിച്ച് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ. സിനിമാ ജീവിതം തിരഞ്ഞെടുത്തതിൽ അച്ഛനും അമ്മയയും നൽകിയ പിന്തുണയിൽ വൈകാരികമായ കുറിപ്പാണ് ശാന്തി പങ്കുവച്ചത്. ശാന്തിയുടെ സിനിമാ ജീവിതത്തിന്റെ തുടക്കം മുതൽ അച്ഛൻ ബാലചന്ദ്രൻ പങ്കുവച്ച കുറിപ്പുകളും ശാന്തി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ അച്ഛനെയും അമ്മയെയും ലഭിച്ചതിൽ താൻ ഭാഗ്യവതിയാണെന്നും ശാന്തി സമൂഹമാധ്യമത്തിൽ കുറിച്ചു.
ശാന്തി ബാലചന്ദ്രൻ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
"നന്ദി പറയാൻ ഒരുപാട് പേരുണ്ട്. പക്ഷേ ഏറ്റവുമധികം നന്ദി പറയേണ്ടത് എന്റെ അച്ഛനോടും അമ്മയോടുമാണ്. എന്റെ എല്ലാ ഉയർച്ചയും താഴ്ചയും അവർ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. ഒരുപക്ഷേ എന്നെക്കാൾ ആഴത്തിൽ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ അവർ അനുഭവിച്ചിട്ടുണ്ട്. ഓക്സ്ഫോർഡിലെ സ്ഥിരതയുള്ള അക്കാദമിക് ജീവിതം ഉപേക്ഷിച്ച് കലയുടെ അനിശ്ചിതത്വം നിറഞ്ഞ ജീവിതം തിരഞ്ഞെടുത്ത എന്റെ തീരുമാനം അവർക്ക് ഉൾക്കൊള്ളാൻ എളുപ്പമായിരുന്നില്ല. സിനിമാ വ്യവസായമെന്ന മണൽച്ചുഴിയിൽ ഞാൻ കാലുകുത്താൻ ശ്രമിക്കുന്നത് കണ്ട് അവർ വിഷമിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ഞാൻ അവരെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവർ എല്ലായ്പ്പോഴും എന്നെ സ്വീകരിച്ചു, പിന്തുണച്ചു.
ആശങ്കകളുടെ നീണ്ട രാത്രികൾക്കൊടുവിൽ എന്റെ അച്ഛനും അമ്മയ്ക്കും സന്തോഷവും ആശ്വാസവും നൽകി എന്നതാണ് ലോകയുടെ വിജയം എനിക്ക് നൽകിയ ഏറ്റവും മികച്ച കാര്യം. അതിനാൽ ഞങ്ങളുടെ സിനിമ കാണുകയും സ്വീകരിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയംഗമമായ നന്ദി.
അച്ഛാ.. അമ്മേ ഒരു പെൺകുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചിയർ ലീഡർമാരായതിന് നന്ദി. എനിക്ക് ചിറകുകളും വേരുകളും നൽകിയതിന് നന്ദി. ഞാൻ ഭാഗ്യവതിയായ ഒരു മകളാണ്."
ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് സൈക്കോളജി പഠനത്തിന് ശേഷമാണ് ശാന്തി ബാലചന്ദ്രൻ ഓക്സ്ഫഡ് സർവകലാശാലയിൽ ആന്ത്രോപോളജിയിൽ ഡി–ഫിൽ ചെയ്യാനായി ചേർന്നത്. ഓക്സ്ഫഡ് സർവകലാശാലയുടെ ക്ലെറണ്ടൻ സ്കോളർഷിപ്പും ശാന്തി ബാലചന്ദ്രൻ നേടിയിരുന്നു. 2017ൽ ‘തരംഗം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ശാന്തി. ‘ജല്ലിക്കെട്ട്’, ‘ആഹാ’, ‘ചതുരം’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്നിവയാണ് പ്രധാന മലയാള സിനിമകൾ. ‘ഗുൽമോഹർ’ എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ശാന്തി അരങ്ങേറ്റം കുറിച്ചിരുന്നു. ‘സ്വീറ്റ് കാരം കോഫി’ എന്ന വെബ് സീരിസിലൂടെ തമിഴകത്തും അരങ്ങേറ്റം നടത്തി കഴിഞ്ഞു.