കൊച്ചി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജയൻ നമ്പ്യാർ ചിത്രം 'വിലായത്ത് ബുദ്ധ' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ എല്ലാ കോണുകളിൽ നിന്നും മികച്ച അഭിപ്രായമാണ് നേടുന്നത്. ജി.ആർ. ഇന്ദുഗോപന്റെ കൃതിയോട് പൂർണമായും നീതി പുലർത്തിക്കൊണ്ടുള്ള ഒരു ദൃശ്യാവിഷ്‌കാരമാണ് ജയൻ നമ്പ്യാർ നടത്തിയിരിക്കുന്നത് എന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു.
'വിലായത്ത് ബുദ്ധ'യിലെ പൃഥ്വിരാജിന്റെ പ്രകടനം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ്. എന്നാൽ, ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ പ്രകടനത്തിലൂടെ കയ്യടി നേടുന്നത് നടൻ ഷമ്മി തിലകനാണ്. ഷമ്മിയുടെ കഥാപാത്രത്തെ പലരും സിനിമയുടെ 'ഷോ സ്റ്റീലർ' എന്നാണ് വിശേഷിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ താരമൂല്യവും ഷമ്മി തിലകന്റെ തീവ്രമായ അഭിനയശേഷിയും ഒത്തുചേരുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് ഒരു ഡബിൾ ട്രീറ്റാണ്.
ജി ആർ ഇന്ദുഗോപൻറെ പ്രശസ്തമായ 'വിലായത്ത് ബുദ്ധ' എന്ന നോവലാണ് അതേ പേരിൽ സിനിമയായി മാറിയത്. ജേക്സ് ബിജോയിയുടെ സംഗീതവും ചിത്രത്തിന്റെ വൈകാരിക തലത്തെ ഉയർത്തിപ്പിടിക്കുന്നുണ്ട്.
പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിലെ നായിക. ഛായാഗ്രഹണ രംഗത്തെ പ്രമുഖരായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. '777 ചാർലി'യിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്. കന്നഡയിലെ ഹിറ്റ് ചിത്രമായ 'ബെൽബോട്ട'ത്തിന്റെയും ക്യാമറ കൈകാര്യം ചെയ്തത് അദ്ദേഹം തന്നെയായിരുന്നു.
മികച്ച അഭിനയ മുഹൂർത്തങ്ങളും സാങ്കേതിക മികവും ഒത്തുചേരുമ്പോൾ 'വിലായത്ത് ബുദ്ധ' പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്നുറപ്പാണ്.