പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറയ്ക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെ ഈ കഥാപാത്രങ്ങളെ പ്രേക്ഷകർ മനസ്സിലേറ്റി. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചത്. മെയ് പത്ത് ശനിയാഴ്ച്ച കാലത്ത് കൊച്ചി കലൂരിലുള്ള ഐ. എം.എ. ഹാളിൽ ആട് -3 എന്ന ചിത്രത്തിൻ്റെ തിരിതെളിഞ്ഞു. ആട്-സീരിസ്സിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ഷാജി പാപ്പൻ്റെ ജ്യേഷ്ഠസഹോദരൻ തോമസ് പാപ്പനെ അവതരിപ്പിച്ച രൺജി പണിക്കർ ആദ്യ തിരി തെളിയിച്ചു കൊണ്ടാണ് ആട് മൂന്നാം ഭാഗത്തിന് ഔദ്യോഗികമായ ആരംഭം കുറിച്ചത്.
പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ ഈ ചിത്രത്തിൻ്റെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് യുവനടൻ ഷറഫുദ്ദീൻ സ്വിച്ചോൺ കർമ്മവും, അപ് കമിംഗ് സംവിധായകൻ കൂടിയായ ഉണ്ണി മുകുന്ദൻ ഫസ്റ്റ് ക്ലാപ്പും നൽകി ചിത്രീകരണത്തിനും തുടക്കമിട്ടു.
"ആട് ചിത്രീകരണം നടക്കുമ്പോൾ ഞാൻ ചാൻസ് തേടി നടക്കുകയാണ്. ആടിലും ചാൻസ് ചോദിച്ചിരുന്നു.
പക്ഷെ ആട് തുടങ്ങിയപ്പോൾ ഞാൻ പ്രേമത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നതിനാൽ ആട് നഷ്ടപ്പെട്ടു." എന്ന് ആശംസകൾ നേർന്നുകൊണ്ട് ഷറഫുദ്ദിൻ പറഞ്ഞു.
വലിയ ക്യാൻവാസ്സിൽ ഒരുക്കുന്ന ഈ ചിത്രത്തിന് എല്ലാ ആശംസകളും ഉണ്ണി മുകുന്ദനും നേർന്നു. താനവതരിപ്പിച്ച മാർക്കോ എന്ന നെഗറ്റീവ് കഥാപാത്രത്തെ ഹീറോ ആക്കി അവതരിപ്പിക്കാൻ ആൻ്റോച്ചേട്ടൻ (ആൻ്റോ ജോസഫ്) അനുവാദം തന്നതും മാർക്കോ വലിയ വിജയമായ അനുഭവവും ഉണ്ണി മുകുന്ദൻ പങ്കിട്ടു.