

ആരാധകർക്കൊപ്പം തന്റെ സൂപ്പർഹിറ്റ് സിനിമയിലെ ജനപ്രിയഗാനത്തിന് ചുവടുവച്ച് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ഷാജി കൈലാസ്. ‘നരസിംഹം’ സിനിമയിലെ സൂപ്പർഹിറ്റ് ഗാനത്തിനാണ് ഷാജി കൈലാസ് ചുവടുവച്ചത്. ‘സൂപ്പർ ഹിറ്റുകളുടെ രാജാവേ’ എന്ന അടിക്കുറിപ്പോടെയാണ് ഷാജി കൈലാസിന്റെ വിഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘നരസിംഹ’ത്തിലെ ‘ധാം കിണക്ക’ എന്നു തുടങ്ങുന്ന ഫാസറ്റ് നമ്പറിനാണ് രസകരമായ ചുവടുകളുമായി സംവിധായകൻ രംഗത്തെത്തിയത്. വരികൾ ആലപിച്ചും ചുറ്റും നിൽക്കുന്ന ആരാധകരോട് ചുവടു വയ്ക്കാൻ അഭ്യർഥിച്ചും ആൾക്കൂട്ടത്തിനൊപ്പം നിറയുകയാണ് ഷാജി കൈലാസ്. ‘ഇദ്ദേഹം ഇത്ര സിംപിൾ ആയിരുന്നോ?’ എന്നാണ് ആരാധകരുടെ ചോദ്യം.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജി രാധാകൃഷ്ണൻ ഈണമിട്ട ഗാനമാണ് നരസിംഹത്തിലെ ‘ധാം കിണക്ക’ എന്ന ഗാനം. എം.ജി ശ്രീകുമാർ ആണ് ഗാനം ആലപിച്ചത്. ഇന്നും ഒത്തുചേരലുകളിലെയും ഗാനമേളകളിലെയും ജനപ്രിയ ട്രാക്കാണ് നരസിംഹത്തിലെ ഈ ഗാനം.