

ബോളിവുഡിലെ അതിസമ്പന്നരായ താരങ്ങളുടെ പട്ടികയിൽ ഷാറൂഖ് ഖാൻ ആദ്യ സ്ഥാനത്ത്. ഹുറൂൺ ഇന്ത്യയാണ് റിപ്പോർട്ട് പുറത്തിറക്കിയുന്നത്. ഷാറൂഖ് ഖാനെ കൂടാതെ താരങ്ങളായ ജൂഹി ചൗള, അമിതാഭ് ബച്ചൻ, ഹൃത്വിക് റോഷൻ, കരൺ ജോഹർ എന്നിവരും പട്ടികയിൽ സ്ഥാനം നേടിയിട്ടുണ്ട്.
ഹുറൂൺ ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് 7300 കോടിയാണ് ഷാറൂഖ് ഖാന്റെ ആസ്തി. ഇതിന് മുൻപ് 6000 കോടിക്ക് മുകളിലായിരുന്നു നടന്റെ സമ്പത്ത്. ഷാറൂഖിന്റെ സമ്പത്ത് വളർച്ചയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി നിർണായക പങ്ക് വഹിച്ചതായാണ് റിപ്പോർട്ടുകൾ. കൂടാതെ നടന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റില്‍ നിന്ന് കാര്യമായ വരുമാനം കിട്ടുന്നുണ്ട്.
പോയ വർഷം പുറത്തിറങ്ങിയ ഷാറൂഖിന്റെ രണ്ട് ചിത്രങ്ങളും വൻ വിജയമായി മാറിയിരുന്നു. പത്താൻ 1055 കോടി രൂപയായിരുന്നു ബോക്സോഫീസിൽ നിന്ന് നേടിയത്. ജവാൻ 1160 കോടിയായിരുന്നു സ്വന്തമാക്കിയത്. ഈ രണ്ട് ചിത്രങ്ങളും എസ്. ആർ.കെയുടെ നിർമാണ കമ്പനിയായ റെഡ് ചില്ലീസാണ് നിർമിച്ചത്.