

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ 60-ാം പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ, കോൺഗ്രസ് നേതാവും എം.പി.യുമായ ശശി തരൂരിന്റെ ആശംസ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഷാരൂഖിന്റെ പ്രായം അങ്ങേയറ്റം സംശയാസ്പദമാണെന്ന് തമാശരൂപേണ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തരൂരിന്റെ കുറിപ്പ്. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് തരൂർ ഈ ‘ഫാക്ട് ചെക്കിംഗ് റിപ്പോർട്ട്’ പങ്കുവെച്ചത്.
ബോളിവുഡിന്റെ യഥാർത്ഥ കിംഗ് ആയ ഷാരൂഖിന് 60 വയസ് തികഞ്ഞു എന്ന വാദത്തെ ചോദ്യം ചെയ്യാൻ തരൂർ മൂന്ന് പ്രധാന തെളിവുകൾ നിരത്തുന്നു. ഷാരൂഖിന്റെ എനർജിലെവൽ ആണ് ആദ്യത്തേത്. 20 വർഷം മുമ്പത്തേതിനേക്കാൾ ഷാരൂഖ് ഊർജ്ജസ്വലനാണെന്ന് തരൂർ പോസ്റ്റിൽ പറയുന്നു. മുടിയിഴകളിലും കൂടുതൽ യുവത്വം കാണാം. ത്വക്കിൽ ചുളിവുകൾ കണ്ടെത്താൻ പ്രഗത്ഭരായ വിദഗ്ദ്ധർക്ക് പോലും സാധിക്കുന്നില്ല.
“സ്വതന്ത്ര ഫാക്ട് ചെക്കർമാരുടെയും ഫോറൻസിക് ഡിറ്റക്ടീവുകളുടെയും പരിശോധനയിൽ പോലും നരച്ച മുടി, പ്രായത്തിന്റെ ലക്ഷണങ്ങൾ, മന്ദഗതിയിലുള്ള ചലനങ്ങൾ എന്നിവയൊന്നും കണ്ടെത്താനാകില്ല. ഫിസിക്സിനെയും ബയോളജിയെയും വെല്ലുവിളിച്ച് ഞങ്ങളെ എന്നും ആശയക്കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കൂ.” – ശശി തരൂർ കുറിച്ചു.
ഷാരൂഖിന്റെ യൗവനം ‘ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ’ എന്ന സിനിമയുടെ യഥാർത്ഥ ജീവിത പതിപ്പാണോ? എന്നും തരൂർ തമാശയോടെ ചോദിച്ചു. താരത്തിന്റെ പ്രായം പിന്നോട്ട് സഞ്ചരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 70-ാം ജന്മദിനമാകുമ്പോൾ ഷാരൂഖ് ടീനേജ് റോളുകൾക്ക് ഓഡിഷൻ നൽകുന്ന നിലയിലെത്തുമോ? എന്നും തരൂർ ചോദിച്ചു.
ഈ രസകരമായ പോസ്റ്റ് ഷാരൂഖ് ഖാൻ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്തു. തരൂരിന്റെ തമാശ നിറഞ്ഞ ചോദ്യങ്ങൾക്ക് കിംഗ് ഖാൻ എന്ത് മറുപടി നൽകുമെന്ന ആകാംക്ഷയിലാണ് ആരാധകരിപ്പോൾ.