
മുംബൈ: രാജ്യത്ത് ഏറ്റവുമധികം നികുതി നൽകുന്ന സെലിബ്രിറ്റി താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ബിസിനസ് മാഗസിനായ 'ഫോർച്യൂൺ ഇന്ത്യ'. ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ ആണ് പട്ടികയിൽ ആദ്യം എത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 92 കോടി രൂപയാണ് താരം നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്ക് നൽകിയത്. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിരാട് കോഹ്ലി എന്നിവരെല്ലാം ഇവർക്കും പിന്നിലാണ് വരിക. മലയാളത്തിൽനിന്ന് മോഹൻലാൽ മാത്രമാണ് താരനികുതി പട്ടികയിൽ ആദ്യ 20 പേരിൽ ഇടംപിടിച്ചത്. കഴിഞ്ഞ വർഷം താരം 14 കോടി രൂപയാണ് നികുതിയടച്ചത്.
സ്വാഭാവികമായും സിനിമ തന്നെയാണ് ഷാരൂഖ് ഖാന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്. കഴിഞ്ഞ വർഷം മാത്രം 2,000 കോടി രൂപയിലേറെയാണ് ബോക്‌സോഫീസിൽനിന്ന് ഷാരൂഖ് ചിത്രങ്ങൾ വാരിയതെന്നാണ് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നത്.