ലൈംഗികാതിക്രമ കേസ്: ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനും എതിരെ തെളിവില്ല; സാക്ഷികളും പരാതികാരിക്ക് എതിര് | Sexual assault case

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖർക്കെതിരെ എടുത്ത കേസുകൾ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം
Hema Committy Report
Published on

ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരായുള്ള ലൈംഗികാതിക്രമ കേസിൽ തെളിവില്ലെന്ന് പോലീസ് അറിയിച്ചു. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും കുറ്റവിമുക്തരാക്കണോ എന്നത് സംബന്ധിച്ച് അന്വേഷണ സംഘം ഉടൻ തീരുമാനമെടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖർക്കെതിരെ എടുത്ത കേസുകൾ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

18 വർഷങ്ങൾക്ക് മുൻപ്, 2008 ൽ 'ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരായ കേസ്. മുകേഷ്, മണിയൻപിള്ള രാജു ഉൾപ്പടെ ഏഴ് പേർക്കെതിരെയും പരാതിക്കാരി പരാതി നൽകിയിരുന്നു. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വെച്ച് ജയസൂര്യ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

എന്നാൽ സർക്കാർ രേഖപ്രകാരം പരാതിയിൽ പറയുന്ന ദിവസം സെക്രട്ടേറിയറ്റ് കോംപൗണ്ടിൽ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാൻ അനുവാദം നൽകിയിട്ടില്ല. പീഡനം നടന്നതായി പറയുന്ന ശുചിമുറി പൊളിച്ച് അവിടെ വനംമന്ത്രിയുടെ ഓഫീസ് പണിതതിനാൽ പരാതിക്കാരിക്ക് പോലും കൃത്യമായി സ്ഥലം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ദൃക്‌സാക്ഷികൾ ഇല്ലെന്ന് മാത്രമല്ല സാഹചര്യം തെളിയിക്കുന്ന സാക്ഷി മൊഴിയും ഇല്ല. പരാതിക്കാരി നൽകിയ രഹസ്യ മൊഴിയും, ജയസൂര്യയും പരാതിക്കാരിയും ആ സിനിമയിൽ ഒന്നിച്ച് അഭിനയിച്ചു എന്നതും മാത്രമാണ് അനുകൂല തെളിവുകളായി ഉള്ളതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പരാതിയിൽ പരാമർശിച്ചിട്ടുള്ള ഹോട്ടലിൽ ബാലചന്ദ്രമേനോൻ താമസിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പരാതിക്കാരി അവിടെ വന്നതിന് തെളിവില്ല. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമായതിനാൽ സിസിടിവി ദൃശ്യം, മൊബൈൽ ടവർ ലൊക്കേഷൻ പോലുള്ള തെളിവുകളും ലഭ്യമല്ല. ലൈംഗികാതിക്രമത്തിന് സാക്ഷിയായി പരാതിക്കാരി പറഞ്ഞ ജൂനിയർ ആർട്ടിസ്റ്റ് താനൊന്നും കണ്ടില്ലെന്ന് മൊഴി മാറ്റിയതും തിരിച്ചടിയായി. കേസിൽ എഡിജിപിയുടെ അഭിപ്രായം തേടിയ ശേഷം, ഇരുവരെയും കുറ്റവിമുക്തരാക്കണോ, ഉള്ള തെളിവുകൾ വെച്ച് കുറ്റപത്രം സമർപ്പിക്കണോ എന്ന കാര്യം പോലീസ് തീരുമാനിക്കും.

Related Stories

No stories found.
Times Kerala
timeskerala.com