കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദ് വീണ്ടും ഇതേ കേസിൽ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് നടിയും മോഡലുമായ നന്ദിത ശങ്കര (മസ്താനി). സവാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മറ്റ് ആളുകളുടെ പ്രതികരണം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി നന്ദിത പങ്കുവച്ചു.
‘ഒടുവിൽ നീതി, അതും രണ്ട് വർഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യയ്ക്കും ശേഷം’–നന്ദിത പങ്കുവച്ച സ്റ്റോറിയിലെ ഒരു വാചകം ഇങ്ങനെയായിരുന്നു. അന്നു സവാദിനെ പിന്തുണച്ച മെൻസ് അസോസിയേഷൻ സംഘടനയെയും നന്ദിത പരിഹസിക്കുന്നുണ്ട്. ‘കുരങ്ങനു പൂമാല റെഡി ആക്കി വയ്ക്കൂ’ എന്നൊരാളുടെ കമന്റിന് മാല താൻ തന്നെ മേടിക്കാം' എന്നായിരുന്നു നന്ദിതയുടെ മറുപടി. സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന മസ്താനി എന്ന അടിക്കുറിപ്പോടെ രസകരമായ വിഡിയോയും സ്റ്റോറിയിൽ കാണാം.
2023ൽ സമാനമായ കേസിൽ സവാദിനെതിെര നന്ദിത രംഗത്തുവന്നിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ വക സ്വീകരണവും മാലയിടലും ഒരുക്കിയിരുന്നു. ഇതോടെ സംഭവം വിവാദമായിരുന്നു. നടിക്കുനേരെ വലിയ വിമർശനങ്ങളും സൈബർ ആക്രമണവും വരെ ഉണ്ടായി. നന്ദിതയുടേത് വ്യാജ പരാതിയാണെന്നും സവാദിനെ മനഃപൂർവം കുടുക്കാനുള്ള ഹണി ട്രാപ്പ് ആണെന്നുമായിരുന്നു വിമർശനം.