
ദേശീയ, സംസ്ഥാന പുരസ്‌കാര ജേതാവായ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ ചിത്രം 'അവിഹിതം' ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലറിൽ സ്ത്രീ പുരുഷ അവിഹിത ബന്ധം തന്നെയാണ് വ്യക്തമാക്കുന്നത്. കാഞ്ഞങ്ങാട് ദേശത്തു നടക്കുന്ന സംഭവ വികാസങ്ങളാണ് ട്രെയിലറിൽ കാണിക്കുന്നത്. ഒരു അവിഹിതത്തെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട നർമ്മമുഹൂർത്തങ്ങളുമാണ് ട്രെയിലറിലുടനീളം ഉള്ളത്. നാട്ടിലെ രണ്ട് പേർ തമ്മിലുള്ള അവിഹിതബന്ധത്തിന് പുറകെ പോകുന്ന മനുഷ്യരുടെ ഒളിഞ്ഞു നോട്ടം കൂടിയാണ് ട്രെയിലർ പറയുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും ടീസറും വളരെയേറെ ശ്രദ്ധ നേടിയിരുന്നു.' ഇംഗ്ലിഷിലെ ആദ്യ അക്ഷരത്തെയും, ആദാമിന്റെ ആപ്പിളിനേയും, ലോകമെമ്പാടുമുള്ള ആവെറേജ് മലയാളികളുടെ ആ വികാരങ്ങളെയും നമിച്ചുകൊണ്ട്, ഐശ്വര്യപൂർവം ഞങ്ങൾ അവതരിപ്പിക്കുന്നു,' എന്ന മുഖവുരയോടെയാണ് സംവിധായകൻ ചിത്രത്തിന്റ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചിരുന്നത്. 'പുരുഷന്റെ മാത്രം അവകാശമല്ല' എന്ന അർത്ഥം വരുന്ന ടാഗ്‌ലൈനും പോസ്റ്ററിലുണ്ട്.
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് തന്റെ മിക്ക സിനിമകളുടെയും പശ്ചാത്തലമൊരുക്കിയ സംവിധായകൻ ഇത്തവണ അവിഹിതം സിനിമക്കും കാഞ്ഞങ്ങാട് തന്നെയാണ് പശ്ചാത്തലമൊരുക്കിയിരിക്കുന്നത്. സെന്ന ഹെഗ്‌ഡെയുടെ അവസാനം പുറത്തിറങ്ങിയ ചിത്രമായ പദ്മിനിയിൽ കുഞ്ചാക്കോ ബോബനായിരുന്നു പ്രധാന കഥാപാത്രമായി എത്തിയിരുന്നത്. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ വിജയം കരസ്ഥമാക്കിയിരുന്നില്ല.
എന്നാൽ, അവിഹിതത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്ന ഹെഗ്‌ഡെയും അംബരീഷ് കളത്തറയും ചേർന്നാണ് തിരക്കഥ. ചിത്രത്തിന്റെ എഡിറ്റർ സനത്ത് ശിവരാജും സംഗീതം ശ്രീരാഗ് സജിയുമാണ് നിർവഹിക്കുന്നത്. ശ്രീരാജ് രവീന്ദ്രനും രമേഷ് മാത്യൂസും ചേർന്നാണ് ക്യാമറ.